ക്രൂഡോയിൽ വിലയിലെ കുതിപ്പിന്റെ ആഘാതം ഒടുവിൽ ഇന്ത്യയിലും ആഞ്ഞടിക്കുന്നു. .
പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കേന്ദ്രസർക്കാരും വൈകാതെ മലക്കംമറിയുമെന്ന സൂചന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോക റിപ്പോർട്ടിൽ തന്നെയുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 60-65 ഡോളറിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമെന്നിരിക്കേ, ഇന്നലെ ബ്രെന്റ് ക്രൂഡ് വില 4 വർഷത്തെ ഉയരമായ 126 ഡോളറിൽ എത്തിയിരുന്നു. ഇന്ന് വില 110-111 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
എങ്കിലും, വില കുത്തനെ കൂടിയതിന്റെ ബാധ്യത നിലവിൽ എണ്ണക്കമ്പനികൾ തന്നെയാണ് വഹിക്കുന്നത്.
നഷ്ടം കുമിഞ്ഞുകൂടുന്നതിൽ ഏറെക്കാലം ഈ ബാധ്യത സഹിക്കാൻ എണ്ണക്കമ്പനികൾക്കാവില്ല. വില കൂട്ടാനുള്ള സമ്മർദം കേന്ദ്രത്തിനുമേൽ ശക്തമാണ്.
പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം, ഗാർഹിക എൽപിജി സിലിണ്ടർ എന്നിവയ്ക്കും വില കൂടിയാൽ രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറാൻ അതിടയാക്കും. സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളംതെറ്റും.
കമ്പനികളുടെ ഉൽപാദന, പ്രവർത്തനച്ചെലവുമേറും.
ഓഹരി വിപണികൾക്കും തിരിച്ചടി
പണപ്പെരുപ്പം കൂടുന്നതും കൂടിയ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയും ഓഹരി വിപണികളെയും തളർത്തും. വിപണിയിൽ ഉപഭോക്തൃ ഡിമാൻഡ് താഴുന്നത് കമ്പനികളുടെ വരുമാനത്തെ ബാധിക്കും.
ഇത് ഓഹരികൾക്കും സമ്മർദമാകും.
ക്രൂഡോയിൽ വില കുതിച്ചുകയറിയത് ഇന്ത്യയുടെ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഏപ്രിലിലെ ഇറക്കുമതി ഫെബ്രുവരിയുടെ 85% മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരിയിൽ പ്രതിദിനം 52 ലക്ഷം ബാരൽ എണ്ണ വാങ്ങിയിരുന്നത് ഏപ്രിലിൽ 44 ലക്ഷത്തിലേക്ക് ഇടിഞ്ഞു.
ഏപ്രിലിൽ ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങിയത് റഷ്യയിൽ നിന്നാണ്. പ്രതിദിനം 16 ലക്ഷം ബാരൽ.
സൗദി അറേബ്യ (6.85 ലക്ഷം), യുഎഇ (5.75 ലക്ഷം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
ക്രൂഡോയിൽ വില താഴേക്ക്
ഇറാനും യുഎസും തമ്മിലെ ഭിന്നത വീണ്ടും വഷളാവുകയാണ്. ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ തടയുന്ന നടപടി യുഎസ് തുടരുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു.
ഈ നടപടി ഇറാന് കനത്ത അടിയാണെന്നും ഒരാഴ്ചയ്ക്കകം ഇറാന്റെ ‘എണ്ണ വ്യവസായത്തിൽ പൊട്ടിത്തെറി’ പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.
കയറ്റുമതി സ്തംഭിച്ചെങ്കിലും ഉൽപാദനം നിർത്തിവയ്ക്കാനോ കുറയ്ക്കാനോ ഇറാന് കഴിഞ്ഞിട്ടില്ല. ഉൽപാദിപ്പിക്കുന്ന എണ്ണ സംഭരിച്ചുവയ്ക്കാനുള്ള ടാങ്കുകൾ ഏതാണ്ട് നിറയാറായി.
എണ്ണക്കിണറുകൾ അടച്ചിടുകയെന്നത് സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. ഒരിക്കൽ അടച്ചാൽ അത് നാശമാകാനും ഭാവിയിലെ ഉൽപാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
ഫലത്തിൽ, കപ്പൽ ഉപരോധം ഇറാന് ബോംബാക്രമണത്തേക്കാൾ മാരകമായ ആഘാതമാണ് ഏൽപ്പിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്.
∙ അതേസമയം, സംഘർഷത്തിന് അയവുണ്ടായേക്കാമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. ബ്രെന്റ് വില 126ൽ നിന്ന് 110 ഡോളർ നിലവാരത്തിലേക്കും യുഎസ് ക്രൂഡ് വില 110ൽ നിന്ന് 105 ഡോളറിലേക്കും താഴ്ന്നു.
വിദേശ ഓഹരികൾക്ക് മുന്നേറ്റം
യുഎസ് ഓഹരി വിപണികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.
ആൽഫബെറ്റ് ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ, പ്രതീക്ഷകളെ കവച്ചുവച്ചുള്ള ജനുവരി-മാർച്ചുപാദ പ്രവർത്തനഫലമാണ് പ്രധാന ആവേശം. ഡൗ ജോൺസ് 1.62%, എസ് ആൻഡ് പി500 സൂചിക 1.02%, നാസ്ഡാക് 0.89% എന്നിങ്ങനെ ഉയർന്നു.
എസ് ആൻഡ് പി500 സൂചിക 7200ന് മുകളിൽ വ്യാപാരം പൂർത്തിയാക്കിയത് ചരിത്രത്തിൽ ആദ്യം.
എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 2020ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ നേട്ടമാണ് കഴിഞ്ഞമാസം കുറിച്ചത്. ഫ്യൂച്ചേഴ്സ് വിപണിയിൽ 3 സൂചികകളും 0.2% വരെ ഉയർന്നു.
യൂറോപ്യൻ, ഏഷ്യൻ വിപണികളും നേട്ടത്തിലാണ്.
യൂറോപ്പിൽ എഫ്ടിഎസ്ഇ 1.62%, ഡാക്സ് 1.41% എന്നിങ്ങനെ ഉയർന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.63%, ഷാങ്ഹായ് 0.11%, ഓസ്ട്രേലിയ 0.98% എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
അവധി ‘മൂഡിൽ’ ഇന്ത്യ
മഹാരാഷ്ട്ര ദിനം പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് അവധിയാണ്.
അതുകൊണ്ടുതന്നെ, വിദേശ സൂചികകളിൽ നിന്നുള്ള ആവേശക്കാറ്റ് ഊർജമാക്കാനുള്ള അവസരം ഇന്നില്ല. സെൻസെക്സ് ഇന്നലെ കനത്ത നഷ്ടമായിരുന്നു നേരിട്ടത്.
ഒരുവേള 1000 പോയിന്റിനുമേൽ ഇടിഞ്ഞു. വ്യാപാരം ക്ലോസ് ചെയ്തത് 582 പോയിന്റ് (-0.75%) നഷ്ടത്തോടെ 76,913ൽ.
നിഫ്റ്റി 180 പോയിന്റ് (-0.74%) താഴ്ന്ന് 23,997ൽ.
സ്വർണം ‘സ്റ്റെഡി’
രാജ്യാന്തര സ്വർണവിലയിൽ ഇന്നലെ വൈകിട്ട് കേരളത്തിലെ വിലനിശ്ചയിക്കുന്ന വേളയുമായി നോക്കുമ്പോൾ കാര്യമായ മാറ്റമില്ല. ഔൺസിന് 4621 ഡോളറാണ് വില.
കേരളത്തിൽ ഇന്നലെ വൈകിട്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. അപ്പോൾ രാജ്യാന്തരവില 4640 ഡോളറിനടുത്തായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

