കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കും വിധം റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച നാല് പേരെ അധികൃതർ പിടികൂടി. വഫ്ര കാർഷിക മേഖലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ഇവർ ഉപയോഗിച്ചിരുന്ന അഞ്ച് വാഹനങ്ങൾ നിയമനടപടികളുടെ ഭാഗമായി ക്രഷ് ചെയ്ത് നശിപ്പിക്കുകയും ചെയ്തു. വഫ്ര മേഖല കേന്ദ്രീകരിച്ച് ഒരു സംഘം ആളുകൾ അപകടകരമായ ഡ്രൈവിംഗിനും അനധികൃത ഒത്തുചേരലിനുമായി തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് വിഭാഗം അടിയന്തര അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ തങ്ങളുടെ വാഹനങ്ങൾ വഫ്രയിലെ വിവിധ ഫാമുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അറസ്റ്റിലായ പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച ശേഷം ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പിടിച്ചെടുത്ത അഞ്ച് വാഹനങ്ങളും ക്രഷ് ചെയ്ത് നശിപ്പിച്ചത്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള reckless driving യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റോഡ് സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നിരീക്ഷണവും പരിശോധനകളും ശക്തമായി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

