ഇന്ത്യൻ വിപണിയിൽ വ്യത്യസ്തമായ വിപണന തന്ത്രങ്ങളിലൂടെ ശ്രദ്ധേയമായ റിലയൻസ് ഇൻഡസ്ട്രീസ് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. ‘ഇൻഡിപെൻഡൻസ്’ എന്ന പുതിയ ബ്രാൻഡുമായി കമ്പനി രാജ്യത്തെ ബിസ്കറ്റ് വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു.
റിലയൻസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ഒൻപത് വ്യത്യസ്തയിനം ബിസ്കറ്റുകളാണ് നിലവിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടാനിയ, പാർലേ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന മേഖലയിലേക്കാണ് കാംപ കോളയുടെ വിജയത്തിന് പിന്നാലെ മുകേഷ് അംബാനി നയിക്കുന്ന കമ്പനി ചുവടുവെക്കുന്നത്.
മൂന്നു വർഷം മുൻപ് റിലയൻസ് ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിച്ച കാംപ കോള രാജ്യാന്തര ബ്രാൻഡുകൾക്ക് പോലും കടുത്ത വെല്ലുവിളിയായിരുന്നു. സമാനമായ വിജയം ബിസ്കറ്റ് വിപണിയിലും ആവർത്തിക്കാനാകുമോയെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
തമിഴ് നടൻ അജിത് അടക്കമുള്ളവരെ ബ്രാൻഡ് അംബാസഡർമാരായി നിശ്ചയിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ നീക്കം. ഇൻഡിപെൻഡൻസ് ബ്രാൻഡിനു കീഴിൽ പവർ അപ്, ബട്ടർ ബ്ലിസ്, മിൽകി പവർ, മാരി പ്രൈം, കോകോ വാനില ആൻഡ് ചോക്കലേറ്റ്, ക്രീം യം ഓറഞ്ച്, ക്രീം യം ചോകോ, കോകോ ബോർബൺ, ഗ്ലൂക്കോസ് ബൂസ്റ്റ് എന്നീ ഇനങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇവ നവംബർ രണ്ട് മുതൽ തമിഴ്നാട്ടില് ലഭ്യമായിത്തുടങ്ങി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉൽപ്പന്നങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് വിവരം.
തുടക്കത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും വിവരമുണ്ട്. 5 മുതൽ 125 രൂപ വരെയാണ് ഒരു പാക്കറ്റിന് ഈടാക്കുന്ന വില.
വളർച്ച ലക്ഷ്യമിട്ട് 90,300 കോടിയുടെ വിപണി റിലയൻസ് ജിയോ വിപണിയിൽ അവതരിപ്പിച്ചതുപോലെ, വലിയ അവസരങ്ങളുള്ള രാജ്യത്തെ ബിസ്കറ്റ് വിപണി പൂർണ്ണമായി പിടിച്ചെടുക്കാനാണ് റിലയൻസിന്റെ ഈ പുതിയ നീക്കം. മോത്തിലാൽ ഓസ്വാളിന്റെ 2026ലെ കൺസ്യൂമർ ഫൂഡ്സ് റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ 55,100 കോടി രൂപയാണ് രാജ്യത്തെ ബിസ്കറ്റ് വിപണിയിലെ അവസരം.
എന്നാൽ ഇത് 2028-29 സാമ്പത്തിക വർഷത്തിലെത്തുമ്പോൾ 90,300 കോടി രൂപയായി ഉയരും. 10.4 ശതമാനമാണ് ഈ മേഖലയിലെ വാർഷിക വളർച്ചാ നിരക്ക്.
വിപണിയുടെ 90 ശതമാനവും ബ്രാൻഡഡ് ഉൽപന്നങ്ങളാണ് നിയന്ത്രിക്കുന്നത്. 32 ശതമാനം വിപണി വിഹിതവുമായി ബ്രിട്ടാനിയയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.
പാർലേ, ഐടിസി, പതഞ്ജലി തുടങ്ങിയ പ്രമുഖ കമ്പനികൾ തൊട്ടുപിന്നിലുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിലയൻസിന്റെ ശക്തമായ വിതരണ ശൃംഖല ഉപയോഗപ്പെടുത്തി വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെല്ലുവിളികൾ ഏറെയെന്ന് ബ്രിട്ടാനിയ അതേസമയം, ബിസ്കറ്റ് വിപണിയിലേക്കുള്ള റിലയൻസിന്റെ കടന്നുവരവ് അത്ര എളുപ്പമാകില്ലെന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് സിഇഒ രക്ഷിത് ഹാർഗാവേ വ്യക്തമാക്കുന്നത്. 5 രൂപ, 10 രൂപ വിലയുള്ള പാക്കറ്റുകളിലാണ് രാജ്യത്ത് ഏറ്റവുമധികം ബിസ്കറ്റുകൾ വിൽപന നടക്കുന്നത്.
ഈ മേഖലയിലേക്ക് കടന്നു കയറുക എന്നത് കാംപ കോളയുടെ വിജയം പോലെ അത്ര ലളിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും, ബിസ്കറ്റ് വിപണിയിലേക്കുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചുവടുവെപ്പ് കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

