തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം വധക്കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ ശ്രമമെന്ന് പൊലീസിന്റെ വിലയിരുത്തൽ. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണിനെക്കുറിച്ച് പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്.
ഇതുമൂലം കേസിന് ആധാരമായ നിർണായക ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത പ്രതിസന്ധിയിലാണ് അന്വേഷണ സംഘം. ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും (21) കൃത്യമായ ആസൂത്രണത്തോടെയാണ് മൊഴികൾ മാറ്റുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട അഭിരാമിന് ഫോണിൽ സന്ദേശമയച്ചാണ് പ്രതികൾ കൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
ഇത് സ്ഥിരീകരിക്കാൻ അഭിരാമിന്റെ ഫോൺ കണ്ടെത്തേണ്ടതുണ്ട്. അഭിരാമിനെ കൊലപ്പെടുത്തിയ ശേഷം മൊബൈൽ ഫോൺ സമീപത്തെ തോട്ടിലെറിഞ്ഞു എന്നാണ് പതിനേഴുകാരൻ മൊഴി നൽകിയിട്ടുള്ളത്.
എന്നാൽ കൊലയ്ക്ക് ശേഷം ഫോൺ സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചു എന്നാണ് ഉമർ പൊലീസിന് നൽകിയ മൊഴി. തോട്ടിലും കാട്ടിലും പൊലീസ് വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അഭിരാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതികളുടെ മൊഴിയിലുള്ളത്. എന്നാൽ ഈ ബെൽറ്റ് ആരുടേതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
തെളിവെടുപ്പിന്റെ ഭാഗമായി ഈ ബെൽറ്റും കണ്ടെടുക്കാനായിട്ടില്ല. സംഭവദിവസം അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാച്ച്, മാല, ഷൂ എന്നിവയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇക്കാര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ പ്രതികൾ കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് അറിയിച്ചു. രണ്ടാം പ്രതി ഉമറിനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
പ്ലസ് വൺ വിദ്യാർഥിയായ അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഫെബ്രുവരി 2 നാണ് ശ്രീകാര്യം പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയത്. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്.
പെൺകുട്ടിയുടെ പേരിൽ വ്യാജ സന്ദേശമയച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
പൊലീസിന്റെ വിശദീകരണം ഇങ്ങനെ: പതിനേഴുകാരന്റെ മുൻ കാമുകി ഈയിടെ അഭിരാമിന്റെ സുഹൃത്തുമായി പ്രണയത്തിലായി. ഇരുവരുമൊന്നിച്ചുള്ള ചിത്രം ആ പെൺകുട്ടി ഈ സുഹൃത്തിന് അയച്ചുകൊടുത്തു.
ഇതു കണ്ട് പ്രകോപിതനായ ഒന്ന

