തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ തടവുകാർക്കായി സംഘടിപ്പിച്ച ആദ്യത്തെ മ്യൂസിക് തെറപ്പി സെഷൻ വേറിട്ട അനുഭവമായി മാറി.
സംഗീതവും യോഗയും സമന്വയിപ്പിച്ചുകൊണ്ട് ‘ആത്മനാദം’ എന്ന പേരിലാണ് മ്യൂസിക് തെറപ്പി സംഘടിപ്പിച്ചത്. ജയിൽ സൂപ്രണ്ട് കെ.
വേണുവിന്റേതായിരുന്നു ഈ ആശയം. പാടാനെത്തിയ ഗായകരെ പോലും അതിശയിപ്പിച്ചുകൊണ്ടു തടവുകാർ മൈക്ക് കയ്യിലെടുക്കുകയായിരുന്നു.
‘പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കാകാശമുണ്ട്’ എന്ന ഗാനം പാടാൻ സ്റ്റേജിൽ കയറിയ തടവുകാരൻ പറഞ്ഞ വാക്കുകൾ സദസ്സിൽ നൊമ്പരമുണർത്തി. ‘ഈ പാട്ടിന്റെ അവസാന 3 വരികൾ ഞാൻ പാടില്ല.
ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണ് ഞാൻ എന്ന വരി വ്യക്തിപരമായി ഹൃദയവേദനയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർന്ന് ‘ഇന്നലെ മയങ്ങുമ്പോൾ, ഒരു പുഷ്പം മാത്രമെൻ, സ്വർഗപുത്രീ നവരാത്രി..’ തുടങ്ങിയ മനോഹര ഗാനങ്ങൾ തടവുകാർ ആലപിച്ചു.
സംഗീത ചികിത്സകനായ ഡോ. മെഹറൂഫ് രാജ് നയിച്ച സെഷനിൽ ഡോ.
എ. ശ്രുതിയും പങ്കാളിയായി.
കല്യാണി രാഗത്തിലുള്ള പാട്ടുകൾ മാത്രമാണ് പ്രധാനമായും തിരഞ്ഞെടുത്തത്. ഇതിൽ ഏറെയും ബാബുരാജിന്റെ പാട്ടുകളായിരുന്നു.
ഒപ്പം ചില ഹിന്ദി ഗാനങ്ങളും കൂട്ടത്തിൽ ഇടംപിടിച്ചു. മ്യൂസിക് തെറപ്പിയിൽ പങ്കെടുക്കാൻ തടവുകാർ താൽപര്യം പ്രകടിപ്പിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും നാൽപതിലേറെപ്പേരാണ് മുന്നോട്ടു വന്നത്.
സദസ്സിൽ നിന്ന് നിരന്തര അഭ്യർഥനകൾ ഉയർന്നതോടെ പരിപാടി രണ്ടു മണിക്കൂർ പിന്നിട്ടു നീണ്ടു. കഴിഞ്ഞ 20 വർഷമായി തടവിൽ കഴിയുന്ന ഒരു തടവുകാരൻ ‘തളിരിട്ട
കിനാക്കൾ’ എന്ന ഗാനം അതിമനോഹരമായി ആലപിച്ചത് കേട്ട് ഡോ. മെഹറൂഫ് അദ്ദേഹത്തെ വേദിയിൽ ആലിംഗനം ചെയ്തത് ഹൃദ്യമായ കാഴ്ചയായി മാറി.
മധ്യമേഖലാ ജയിൽ വെൽഫെയർ ഓഫിസർ ടി.ജി. സന്തോഷ്, സെൻട്രൽ ജയിൽ വെൽഫെയർ ഓഫിസർ സാജി സൈമൺ, ഡോ.
ബേസിൽ ഏലിയാസ് എന്നിവർ സംഗീത പരിപാടി ഏകോപിപ്പിച്ചു. യോഗാധ്യാപികയായ നവമി നയിച്ച റിലാക്സേഷൻ സെഷനും പൂർത്തിയാക്കിയ ശേഷമാണു തടവുകാർ സെല്ലുകളിലേക്കു മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

