പാലക്കാട് ജില്ലയിലെ വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിതരണം ചെയ്ത മരുന്നിൽ അലോഹ വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ വ്യാപക പരാതി ഉയരുന്നു. കൂനത്തറ സ്വദേശിയായ സുഭാഷിന്റെ മകൾ ഇഷികയ്ക്ക് നൽകിയ ഗുളികയിലാണ് ഇരുമ്പ് കഷണങ്ങൾ പോലുള്ള ഖര വസ്തുക്കൾ ശ്രദ്ധയിൽപെട്ടത്.
സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുട്ടിക്ക് ആവശ്യമായ മരുന്ന് വാങ്ങിയത്.
തുടർന്ന് മരുന്ന് പരിശോധിക്കുന്ന വേളയിലാണ് ഇതിൽ സംശയാസ്പദമായ രീതിയിൽ ഖര വസ്തുക്കൾ അടങ്ങിയിരിക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഗുളികയുമായി ബന്ധപ്പെട്ടവർ ആശുപത്രിയിലെത്തിയപ്പോൾ, ജീവനക്കാരൻ മരുന്ന് വാങ്ങി നശിപ്പിക്കുകയും പകരം മറ്റൊരു ഗുളിക നൽകുകയും ചെയ്തുവെന്ന് സുഭാഷ് വ്യക്തമാക്കി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിക്ക് മരുന്ന് ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ചൂണ്ടിക്കാട്ടി സുഭാഷ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഗുളികയുടെ ബാച്ച് നമ്പർ, നിർമാണ കമ്പനി, വിതരണ ശൃംഖല എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നാണ് പ്രധാന ആവശ്യം. സർക്കാർ ആശുപത്രികളിൽ നിന്നും വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം കർശനമായി ഉറപ്പുവരുത്തണമെന്നും, ഭാവിയിൽ ഇത്തരം ഗുരുതര വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

