തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ചരിത്രത്തിന്റെയും എൻജിനീയറിങ് വൈഭവത്തിന്റെയും ശേഷിപ്പായി വർഷങ്ങളുടെ പഴക്കമുള്ള തുരങ്കം ശ്രദ്ധ ആകർഷിക്കുന്നു. നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ്ലൈനിന്റെ ഭാഗമായ ഈ തുരങ്കം, വെള്ളയമ്പലം ജലഭവനിൽ നിന്ന് തുടങ്ങി മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിലൂടെയാണ് കടന്നുപോകുന്നത്.
ചരിത്രപ്രസിദ്ധമായ ഈ നിർമിതിക്ക് പിന്നിൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1928ൽ രാജകുടുംബവും ബ്രിട്ടീഷ് വൈസ്രോയിയും ഉൾപ്പെടെയുള്ള പ്രമുഖർ ചേർന്നാണ് ഇത് നിർമ്മിച്ചത്.
ചുണ്ണാമ്പും കരിങ്കൽപ്പൊടിയും മറ്റു കൂട്ടുകളും ചേർത്തുള്ള സുർക്കി മിശ്രിതത്തിലാണ് ഈ തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഏകദേശം 170 മീറ്റർ നീളമുള്ള ഈ തുരങ്കത്തിലൂടെ ഇക്കാലയളവിലും തടസ്സങ്ങളൊന്നുമില്ലാതെ ജലവിതരണം നടക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ദിനംപ്രതി രാപകൽ ഭേദമില്ലാതെ അതിതീവ്ര ഗതാഗതത്തിരക്കുള്ള മ്യൂസിയം-വെള്ളയമ്പലം റോഡിന് അടിയിലൂടെയാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഇതിന്റെ ഉള്ളിൽ നിൽക്കുമ്പോൾ മുകളിലെ റോഡിലെ വാഹനങ്ങളുടെ ശബ്ദമോ യാതൊരുവിധ ബഹളങ്ങളോ കേൾക്കാൻ സാധിക്കില്ല.
ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ സംവിധാനം അന്ന് രൂപകൽപ്പന ചെയ്തത്. റോഡിനടിയിലൂടെയുള്ള ഈ പൈപ്പ്ലൈനിൽ യാതൊരുവിധ യാന്ത്രിക പമ്പുകളുടെയും സഹായമില്ലാതെ, പൂർണ്ണമായും ഗുരുത്വാകർഷണ തത്വം ഉപയോഗിച്ചാണ് ജലം ഒഴുകിയെത്തുന്നത്.
വെള്ളയമ്പലം വാട്ടർ വർക്സും അരുവിക്കര ഡാമും തമ്മിലുള്ള 22 മീറ്റർ ഉയരവ്യത്യാസമാണ് ഈ ജലപ്രവാഹത്തിന് അടിസ്ഥാനമാകുന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത്തരം തുരങ്ക സംവിധാനങ്ങൾ ഇല്ലാതെ നേരിട്ട് റോഡിനടിയിലൂടെയാണ് പൈപ്പ്ലൈനുകൾ കടന്നുപോകുന്നത്.
ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും യാതൊരുവിധ കേടുപാടുകളും കൂടാതെ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്നത് പുരാതന എൻജിനീയറിങ് മികവിന്റെ വലിയ തെളിവായി മാറുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

