മലപ്പുറം ജില്ലയിലെ വൈലത്തൂരിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും അറസ്റ്റിലായി. തിരൂർ സ്വദേശി മുഹമ്മദ് സഫ്വാൻ ആണ് അലപ്പുഴയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്.
രണ്ടു ദിവസത്തെ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. മലപ്പുറത്തെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഫ്വാൻ, അവിടെനിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലേക്ക് കടക്കുകയായിരുന്നു.
ഈ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ആലപ്പുഴയിലെത്തി പ്രതിയെ വളഞ്ഞുപിടിക്കുകയാണുണ്ടായത്. അതേസമയം, ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് രണ്ടു വർഷക്കാലം അബുദാബി ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പിടിയിലായ മുഹമ്മദ് സഫ്വാൻ എന്ന് കൽപകഞ്ചേരി പൊലീസ് വ്യക്തമാക്കി.
നാടുകടത്തപ്പെട്ട് നാട്ടിലെത്തിയ ശേഷവും സഫ്വാൻ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. സ്വന്തം വീട്ടിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ചതുൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് ചികിത്സയിൽ കഴിയുന്ന എ എസ് ഐ രാമചന്ദ്രൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “മൂർച്ചയുള്ള ഏതോ ആയുധം കയ്യിൽ വച്ചാണ് യുവാക്കൾ തന്നെ മർദിച്ചത്.” മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും പ്രതികൾ കവർച്ച ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ദിൽഷാദ് എന്നയാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ വധശ്രമത്തിനും കവർച്ചയ്ക്കും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വൈലത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുവെച്ച് ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ ലഹരി ഉപയോഗം സംശയിച്ചാണ് ഉദ്യോഗസ്ഥർ ഇവരുടെ വാഹനത്തിന്റെ നമ്പർ പരിശോധിച്ചത്.
ഇതിൽ പ്രകോപിതരായ പ്രതികൾ സംഘം ചേർന്ന് എ എസ് ഐയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

