കർണാടകയിലെ 7 ജില്ലകളിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തിയെന്ന് കണ്ടെത്തിയ സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ വച്ച സംവാദ വെല്ലുവിളിയിൽ ഉൾപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ വണ്ടിയിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന നടപടിയാണ് വെളിച്ചത്തുവന്നതെന്നും ഈ തട്ടിപ്പിൽ ആർക്കാണ് നേട്ടമെന്നും രാഹുൽ എക്സിൽ ചോദിച്ചു.
ജനങ്ങൾ വലിയ വില കൊടുത്ത് പെട്രോൾ വാങ്ങുമ്പോൾ ടാങ്കിൽ നിറയുന്നത് എഥനോൾ ആണെന്ന് രാഹുൽ വ്യക്തമാക്കി. ഇത്രയധികം എഥനോൾ താങ്ങാനുള്ള ശേഷി ജനങ്ങളുടെ വാഹനത്തിനില്ലെന്നും ഇതിലൂടെ മൈലേജ് കുറയുകയും അടിക്കടി വാഹനം വർക്ക്ഷോപ്പിൽ കൊണ്ടുപോകേണ്ടി വരികയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗ്രഹിച്ച് വാങ്ങിയ വാഹനം നശിക്കുകയാണെന്നും വാഹന ടാങ്കിൽ എന്താണ് നിറയ്ക്കുന്നതെന്ന് പമ്പിൽ എഴുതിവച്ചിട്ടില്ലെന്നും ഏത് തിരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം പോലും ജനങ്ങൾക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോളിൽ യഥാർഥത്തിൽ എത്ര എഥനോൾ ഉണ്ടെന്നും കമ്പനികൾക്കെതിരെ എപ്പോഴാണ് നടപടി എടുക്കുകയെന്നും മോദി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിലെ ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമക്കുരു എന്നീ 7 ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാംപിളുകളിലാണ് മിക്കതിലും 25.5% മുതൽ 31.2% വരെ എഥനോൾ കലർത്തിയെന്ന് സംസ്ഥാന സർക്കാർ കണ്ടെത്തിയത്. എണ്ണക്കമ്പനികളുടെ സ്വന്തം ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടുകളിൽ എഥനോളിന്റെ അളവ് വെളിപ്പെടുത്തിയിരുന്നില്ല.
തുടർന്ന്, കർണാടക സർക്കാർ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറീസിന്റെയും (എൻഎബിഎൽ) ഐഎസ്ഒയുടെയും അംഗീകാരമുള്ള ലാബുകളിൽ പരിശോധന നടത്തുകയായിരുന്നു. പെട്രോളിലെ യഥാർഥ അളവ് പരസ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, കർണാടക സർക്കാർ പരിശോധന തുടരുമെന്നും വ്യക്തമാക്കി. എഥനോൾ അളവ് കൂടിയതോടെ ഒരു ലീറ്റർ പെട്രോളിൽ 10% മൈലേജ് നഷ്ടമാകുമെന്നാണ് ശരാശരി കണക്കെന്നും വാഹന അറ്റക്കുറ്റപ്പണിച്ചെലവും കൂടിച്ചേർക്കുമ്പോൾ വാഹന ഉടമകൾക്ക് ഒരുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് പറഞ്ഞു.
അതേസമയം, കർണാടക സർക്കാർ നടത്തിയ ടെസ്റ്റിങ് ചട്ടങ്ങളും സാങ്കേതിക നടപടിക്രമങ്ങളും പാലിച്ചല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ബിഐഎസ് ചട്ടങ്ങൾ പാലിക്കുന്ന ഐഎസ് 17021 ഇനം ഇ20 പെട്രോളാണ് കർണാടകയിലെ റീട്ടെയ്ൽ പമ്പുകളിലും വിൽക്കുന്നത്.
ഇതിൽ 19-21 ശതമാനമാണ് എഥനോളെന്നും കമ്പനികൾ അറിയിച്ചു. എസ്ഐആർ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിരുന്നു.
പാർലമെന്റിൽ ചോദ്യം ചോദിക്കാമെന്നിരിക്കേ എന്തിനാണ് പുറത്തൊരു സംവാദം എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടക്കം ചോദിച്ചത്. എന്നാൽ മോദി അദാനിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദാനിയുടെ വാർത്താ ചാനലിൽതന്നെ സംവാദമാകാമെന്നും 5 മിനിറ്റുകൊണ്ട് മോദിയുടെ വാദങ്ങൾ പൊളിച്ചുതരാമെന്നും രാഹുൽ പറഞ്ഞു.
മോദിക്കുവേണമെങ്കിൽ ടെലിപ്രോംപ്റ്റർ ഉപയോഗിക്കാമെന്നും സംവാദത്തിൽ ജഡ്ജിമാരായി അദാനിയെയോ മോഹൻ ഭഗവതിനെയോ വിളിക്കാമെന്നും രാഹുൽ പരിഹസിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

