കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകൾ വീണ്ടും പുറത്തുവരുന്നു. കെട്ടിടത്തിന്റെ സീലിങ്ങിന് മുകൾഭാഗത്തുള്ള ഭിത്തികളിൽ പ്ലാസ്റ്ററിങ് നടത്തിയിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നിർമാണക്കമ്പനി അധികൃതർ സീലിങ് തുറന്ന് പരിശോധന നടത്തിയ വേളയിലാണ് ഈ ഗുരുതര പിഴവ് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ വിഷയത്തിൽ ജീവനക്കാർ ആശങ്കയറിയിച്ചപ്പോൾ, അവിടെ പ്ലാസ്റ്ററിങ് ചെയ്യേണ്ട
ആവശ്യമില്ലെന്നായിരുന്നു നിർമാണക്കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മറുപടിയെന്ന് ജീവനക്കാർ വ്യക്തമാക്കി. സീലിങ്ങിന് മുകളിലൂടെ കമ്പികളും പൈപ്പുകളും പുറത്തേക്ക് കാണുന്ന നിലയിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
നേരത്തെ ശുചിമുറിയിലെ സീലിങ്ങിൽനിന്ന് ഹോളോ ബ്രിക്സ് അടർന്നുവീണ സംഭവത്തിൽ പരാതിപ്പെട്ടപ്പോഴും പ്ലാസ്റ്ററിങ് ആവശ്യമില്ലെന്ന വിചിത്രമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബർ അവസാനം ശുചിമുറിയിലെ ഹോളോ ബ്രിക്സ് അടർന്നു വീണപ്പോൾ ഭാഗ്യം കൊണ്ടു മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കൂടാതെ, സർജിക്കൽ ബ്ലോക്കിലെ സെൻട്രൽ ലാബിനു മുകളിലെ നിലയിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നത്തിലും സമാനമായ മറുപടിയാണ് അധികാരികളിൽ നിന്നുണ്ടായത്. താഴത്തെ നിലയിലെ എസിയുടെ തണുപ്പ് കുറച്ചിടുകയോ അല്ലെങ്കിൽ മുകളിലത്തെ നിലയിലും എസി സ്ഥാപിക്കുകയോ ചെയ്താൽ മാത്രമേ ഈ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കൂവെന്ന വിചിത്ര വിശദീകരണമാണ് നൽകിയത്.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ സീലിങ്ങിൽനിന്ന് വെള്ളം ചോരുന്നതും സിമന്റ് പാളികൾ അടർന്നുവീഴുന്നതുമടക്കമുള്ള നിരന്തരമായ പരാതികൾക്കിടയിലാണ് നിർമാണത്തിലെ ഗുണനിലവാരമില്ലായ്മ വെളിപ്പെടുത്തുന്ന പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

