കൊല്ലം ജില്ലയിലെ പാരിപ്പള്ളി ഐഒസി പാചകവാതക ബോട്ടിലിങ് പ്ലാന്റിൽ അതീവസുരക്ഷാ മേഖലയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി.
പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന യാഡിലേക്കാണ് ഇന്നലെ രാത്രി എട്ടരയോടെ കാർ അതിവേഗത്തിൽ പാഞ്ഞെത്തിയത്. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും വാൽവുകളിൽ തട്ടാത്തതിനാൽ വലിയൊരു വാതകച്ചോർച്ചയും ദുരന്തവുമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുന്നതിനിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഗേറ്റിലും മറ്റും തകർത്തുകൊണ്ട് പാഞ്ഞ കാർ ടാങ്കറുകളിലും ഇടിക്കുകയായിരുന്നു.
ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായതിനാൽ പ്ലാന്റിൽ ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഓടിയെത്തിയെങ്കിലും കാറിന്റെ പാച്ചിൽ തടയാനായില്ല.
തുടർന്ന് കാർ നിന്നതോടെ അതിലുണ്ടായിരുന്നവരെ ജീവനക്കാർ പിടികൂടുകയായിരുന്നു. പരവൂർ കലയ്ക്കോട് സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഇവരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്.
ഓരോ ടാങ്കറിലും 342 സിലിണ്ടർ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ ആവശ്യമായ വാതകം ഉണ്ടായിരുന്നു. പ്ലാന്റിലെ സംഭരണിയിലേക്ക് മാറ്റുന്നതിനായി കാത്തു കിടന്നിരുന്ന ടാങ്കറുകളിലേക്കാണ് ഈ അപകടകരമായ രീതിയിൽ കാർ ഇടിച്ചുകയറിയത്.
വാതകച്ചോർച്ചയോ ചെറിയൊരു തീപ്പൊരിയോ ഉണ്ടായാൽ പോലും വൻ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. അപകടത്തിൽ ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചപ്പോൾ കാറിന് വലിയ രീതിയിൽ തകർച്ചയുണ്ടായി.
ഇത്രയും ഗുരുതരമായ സാഹചര്യത്തിന് കാരണമായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എൽപിജി എംപ്ലോയീസ് യൂണിയൻ– ഐഎൻടിയുസി പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

