മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരുമെന്ന് സൂചന. നിയമത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരം തീരുമാനം മുന്നോട്ട് കൊണ്ടുപോകാനാണ് ബിസിസിഐയുടെ നീക്കം.
മത്സരത്തിനിടയില്‍ പ്ലേയിംഗ് ഇലവനിലെ താരത്തിന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ അനുവദിക്കുന്ന ഈ നിയമം 2023-ലാണ് ടൂര്‍ണമെന്റില്‍ നിലവില്‍ വന്നത്. കളിയുടെ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് നിരയിലോ ബോളിങ് നിരയിലോ അധിക കരുത്ത് ചേര്‍ക്കാന്‍ ടീമുകളെ സഹായിക്കുന്നതാണ് ഈ സംവിധാനം.
രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ പ്രമുഖരെല്ലാം കഴിഞ്ഞ സീസണുകളില്‍ ഈ നിയമത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇംപാക്ട് പ്ലെയര്‍ വ്യാപകമായതോടെ ഐപിഎല്ലില്‍ സ്കോര്‍ 200 കടക്കുന്നത് സാധാരണമായി മാറി. നിയമം വരുന്നതിന് മുമ്പ് ആകെ 133 തവണ മാത്രമാണ് ടീമുകള്‍ 200 റണ്‍സ് പിന്നിട്ടതെങ്കില്‍, 2023-ന് ശേഷം 195 തവണയാണ് ഈ നേട്ടം കൈവരിച്ചത്.
എങ്കിലും, ഈ നിയമം ഓള്‍റൗണ്ടര്‍മാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പണ്ഡ്യ, ശുഭ്മന്‍ ഗില്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഈ നിയമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
ഈ പശ്ചാത്തലത്തില്‍ ബിസിസിഐ ഫ്രാഞ്ചൈസികളുടെ അഭിപ്രായം ഔദ്യോഗികമായി തേടിയിരുന്നു. അടുത്ത സീസണിലെ മിനി ലേലത്തിനായുള്ള തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായതിനാല്‍ നിയമത്തില്‍ പെട്ടെന്ന് മാറ്റം വരുത്തരുതെന്നാണ് നാല് ടീമുകള്‍ മറുപടി നല്‍കിയത്.
ഇതേതുടര്‍ന്നാണ് അടുത്ത സീസണിലും ഇംപാക്ട് പ്ലെയര്‍ തുടരുമെന്ന നിലപാടിലേക്ക് ബോര്‍ഡ് എത്തിയത്. താരക്കൈമാറ്റത്തിനൊരുങ്ങി രാജസ്ഥാനും ലഖ്നൗവും പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി താരക്കൈമാറ്റത്തിന് ഒരുങ്ങുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സും രാജസ്ഥാന് റോയല്‍സും.
കഴിഞ്ഞ സീസണില്‍ ലഖ്നൗവിനായി മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളറെ ടീമിലെത്തിക്കാനാണ് രാജസ്ഥാന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ലഖ്നൗവിന്റെ ഒരു സ്പിന്നറും ടീം മാറിയേക്കുമെന്നാണ് വിവരം.
ബൗളര്‍മാരെ കൈമാറി രാജസ്ഥാന്റെ മികച്ചൊരു ബാറ്ററേയും ഓള്‍റൗണ്ടറേയും സ്വന്തമാക്കാനാണ് ലഖ്നൗ ലക്ഷ്യമിടുന്നത്. ഈ മാസം പതിനേഴിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ താരക്കൈമാറ്റം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

