കൊച്ചി നഗരത്തിൽ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് സംഘടിപ്പിച്ച ‘വാചകമേള’ പ്രചാരണയാത്രയ്ക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ തുടക്കമായി. കൊച്ചിയിലെ അക്ഷരമുറ്റത്ത് വെളുത്ത കടലാസിൽ മേയർ വി.കെ.മിനിമോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട
വാചകമെഴുതിയാണ് തുടക്കം കുറിച്ചത്; ‘കൊച്ചിയിലേക്ക് സുസ്വാഗതം’ എന്നായിരുന്നു മേയറുടെ വരികൾ. വിഖ്യാത എഴുത്തുകാരനും ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടറുമായ എൻ.എസ്.മാധവൻ ‘നാവിൽ മലയാളം, നെഞ്ചിൽ കേരളം’ എന്ന് കുറിച്ചപ്പോൾ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ.നിഷാദ് ‘കൂടെ കൂടാം’ എന്ന പ്രിയവാക്യമാണ് തിരഞ്ഞെടുത്തത്.
കേരളത്തിലെ വിവിധ ജില്ലകളിലെ ക്യാംപസുകളിലേക്കെത്തുന്ന റോഡ് ഷോ, മേയർ വി.കെ.മിനിമോളും എഡിറ്റർ ഫിലിപ് മാത്യുവും എൻ.എസ്.മാധവനും എം.എ.നിഷാദും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയുടെ ഭാഗമായി തേവര എസ്എച്ച് കോളജ്, തൃപ്പൂണിത്തുറ ആർഎൽവി കോളജ് എന്നിവിടങ്ങളിലെത്തിയ പ്രചാരണവാഹനത്തെ കവിതചൊല്ലിയും പാട്ടുപാടിയും നൃത്തച്ചുവടുകൾവച്ചും വിദ്യാർഥികൾ ആവേശത്തോടെയാണ് വരവേറ്റത്.
തങ്ങളുടെ പ്രിയവാക്യങ്ങളെഴുതി വിദ്യാർഥികളും ഹോർത്തൂസിന്റെ ഭാഗമായി മാറി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.
പ്രചാരണയാത്രയുടെ ഇന്നത്തെ ഷെഡ്യൂൾ പ്രകാരം റോഡ് ഷോ പത്തനംതിട്ടയിലെത്തും. രാവിലെ 10 മണിക്ക് തിരുവല്ല മാർത്തോമ്മാ കോളജ്, ഉച്ചയ്ക്ക് 12 മണിക്ക് പത്തനംതിട്ട
കാതോലിക്കേറ്റ് കോളജ്, ഉച്ചകഴിഞ്ഞ് 3 മണിക്ക് പന്തളം എൻഎസ്എസ് കോളജ് ക്യാംപസുകൾ എന്നിവിടങ്ങളിൽ വാഹനം സന്ദർശനം നടത്തും. ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിലാണു ഹോർത്തൂസ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
‘ജീവിതം തൊട്ട്_അടുത്ത്’ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

