കരുനാഗപ്പള്ളിയിൽ മരം മുറിക്കുന്നതിനിടയിൽ 11 കെവി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കരുനാഗപ്പള്ളി കരോട്ട് മുക്ക് സ്വദേശിയായ ഹംസയ്ക്കാണ് (40) അപകടം സംഭവിച്ചത്.
ഇദ്ദേഹത്തെ നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം വൈകിട്ട് നാലരയോടെയാണ് ഇടക്കുളങ്ങര മുരുകാല ജംഗ്ഷന് സമീപം ഈ സംഭവം നടന്നത്.
40 അടിയിലേറെ ഉയരമുള്ള ആഞ്ഞിലി മരം മുറിക്കുന്നതിനായി പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രവാളുമായി മരത്തിന് മുകളിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. മരത്തിന് സമീപത്തുകൂടി കടന്നുപോയിരുന്ന 11 കെവി ലൈനിൽ നിന്ന് യന്ത്രവാളിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ശക്തമായ ഷോക്കേറ്റ് ഹംസ മരത്തിൽ വച്ചുതന്നെ ബോധരഹിതനാവുകയായിരുന്നു. അപകടം ഉടൻ ശ്രദ്ധയിൽപ്പെട്ട
ഒപ്പമുണ്ടായിരുന്ന സഹതൊഴിലാളികൾ, ഹംസ താഴേക്ക് വീഴാതിരിക്കാൻ റോപ്പ് ഉപയോഗിച്ച് മരത്തിൽ സുരക്ഷിതമായി കെട്ടിനിർത്തുകയും ഉടൻതന്നെ കരുനാഗപ്പള്ളി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ലാഡറും റോപ്പും സുരക്ഷാവലയും ഉപയോഗിച്ച് അതിസാഹസികമായാണ് ഹംസയെ സുരക്ഷിതമായി താഴെയിറക്കിയത്.
തുടർന്ന് ഉടൻതന്നെ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്റ്റേഷൻ ഓഫീസർ ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സുഭാഷ്, ഫയർ ഓഫീസർമാരായ സജിൻ, അമൃതാജി, ലിവിങ്സ്റ്റൺ, അമൽ, രാജീവ്, ഹോംഗാർഡ് നവാസ്, സജിൻ, അമൃതാജി എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

