സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർധനം.
അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് പ്ലസ്ടു വിദ്യാർഥികളുടെ മർദനമേറ്റത്.
സംഭവത്തിൽ അഞ്ച് പ്ലസ്ടു വിദ്യാർഥികളെ 15 ദിവസത്തേക്കു സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. ഇത് റാഗിങ് ആണെന്നു ചൂണ്ടിക്കാട്ടി പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 4ന് ഉച്ചയ്ക്കാണ് ഈ സംഭവം അരങ്ങേറുന്നത്. ഫോട്ടോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഗ്രൂപ്പിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ അസഭ്യം പറയുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായി മൂന്നു പ്ലസ് വൺ വിദ്യാർഥികളെ അഞ്ച് പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ക്ലാസിൽ നിന്നു വിളിച്ചിറക്കി സ്കൂൾ ഓഡിറ്റോറിയത്തിന്റെ പിന്നിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇതിൽ ഒരു വിദ്യാർഥിയെ ശുചിമുറിയിൽ പൂട്ടിയിടുകയും മറ്റൊരു വിദ്യാർഥിയെ പിടിച്ചുവയ്ക്കുകയും ചെയ്തശേഷം മൂന്നാമത്തെയാളെ അഞ്ച് പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ഇടിവള കൊണ്ടു നെറ്റിയിലും മുഖത്തും ഇടിക്കുകയും പുറത്തു മർദിക്കുകയും ചെയ്തുവെന്നാണു പരാതിയിൽ വ്യക്തമാക്കുന്നത്.
മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇടിയേറ്റു കുട്ടിയുടെ നെറ്റി ചതയുകയും ചുണ്ട് മുറിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സ്കൂൾ അധികൃതരും പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കളും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി സ്കൂളിൽ ചേർന്ന പിടിഎ യോഗത്തിന്റെ തീരുമാനപ്രകാരമാണ് അഞ്ച് പ്ലസ്ടു വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

