വരാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ഒരുങ്ങി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. ടീമിൽ തുടർന്നു പ്രവർത്തിക്കുന്നതിനായി ചില പ്രമുഖ താരങ്ങൾ 40 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടതാണ് ഫ്രാഞ്ചൈസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ലേലത്തിന് മുമ്പ് നിർണായക കളിക്കാരെ ടീമിൽ നിലനിർത്തുന്നത് മാനേജ്മെന്റുകൾക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകിയാൽ മാത്രമേ ടീമിനൊപ്പം തുടരൂ എന്ന് രണ്ട് പ്രമുഖ താരങ്ങൾ ഇതിനോടകം ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.
മെഗാ ലേലത്തിൽ പങ്കെടുത്താൽ ഇതിലും വലിയ തുക സ്വന്തമാക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് താരങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ കളിക്കാർ സമാനമായ ആവശ്യവുമായി രംഗത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനുപുറമേ, വൻ തുക ആവശ്യപ്പെട്ട താരങ്ങളിൽ ഒരാളെങ്കിലും പ്രതിഫലത്തിന് പുറമെ ടീമിന്റെ നായകസ്ഥാനം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
താരങ്ങൾ ടീം വിട്ട് ലേലത്തിലേക്ക് ഇറങ്ങുന്ന പ്രവണത മുൻപും ഉണ്ടായിട്ടുണ്ട്. 2025-ലെ മെഗാ ലേലത്തിന് മുന്നോടിയായി ഋഷഭ് പന്തും ശ്രേയസ് അയ്യരും ഫ്രാഞ്ചൈസികളുടെ റീടെൻഷൻ ഓഫറുകൾ തള്ളിക്കളഞ്ഞ് ലേലത്തിൽ പങ്കെടുത്തിരുന്നു.
തുടർന്ന് യഥാക്രമം 27 കോടി രൂപയ്ക്കും 26.75 കോടി രൂപയ്ക്കും ഇവർ പുതിയ ടീമുകളിലേക്ക് ചേക്കേറുകയും ചെയ്തു. ഫ്രാഞ്ചൈസികളുടെ ആകെ ലേലത്തുകയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ആവശ്യങ്ങൾ ഗൗരവത്തോടെ കാണുന്നത്.
2025-ലെ ലേലത്തിൽ ടീമുകൾക്ക് അനുവദിച്ച ആകെ തുക 120 കോടി രൂപയായിരുന്നു. എന്നാൽ 2028-ലെ ലേലത്തിലേക്ക് എത്തുമ്പോൾ ഇത് 150 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും, ഒരു കളിക്കാരന് മാത്രം 40 കോടി രൂപ നൽകേണ്ടി വന്നാൽ അത് ടീമിന്റെ മൊത്തം ബജറ്റിന്റെ കാൽഭാഗത്തിലധികവും അപഹരിക്കും. ഇത് മറ്റ് മികച്ച കളിക്കാരെ സ്വന്തമാക്കുന്നതിൽ ഫ്രാഞ്ചൈസികൾക്ക് വലിയ തിരിച്ചടിയാകും.
ബിസിസിഐ പ്രഖ്യാപിക്കുന്ന അന്തിമ ലേലത്തുകയെ ആശ്രയിച്ചായിരിക്കും ഫ്രാഞ്ചൈസികളുടെയും താരങ്ങളുടെയും അടുത്ത ഘട്ട തീരുമാനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

