കോട്ടയം–കൊല്ലം മെമു എറണാകുളം വരെ നീട്ടാനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കൊല്ലം–കോട്ടയം റൂട്ടിൽ സ്ഥിരം യാത്രക്കാർ വ്യാപകമായി ആശ്രയിക്കുന്ന 66315/66316 മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരെ യാത്രക്കാരിൽ നിന്നും യാത്രക്കാരുടെ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.
റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം താൽക്കാലികമായി മരവിപ്പിച്ചത്. വൈകിട്ട് വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനായി എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനുള്ള നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചിരുന്നു.
എന്നാൽ ഈ ആവശ്യത്തിന് പരിഹാരമായി പുതിയ ട്രെയിൻ അനുവദിക്കുന്നതിനു പകരം നിലവിൽ കൊല്ലം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണ് ഉണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നിലവിലുള്ള സർവീസ് നീട്ടാനുള്ള നീക്കമുണ്ടായതെന്നും എംപി കുറ്റപ്പെടുത്തി.
കോട്ടയം ഭാഗത്തു നിന്നു വൈകുന്നേരങ്ങളിൽ കൊല്ലത്തേക്ക് യാത്ര ചെയ്യുന്നവർ നേരിടുന്ന കടുത്ത യാത്രാദുരിതവും നിലവിലുള്ള മെമു സർവീസിന്റെ പ്രാധാന്യവും റെയിൽവേ ബോർഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഒരു വിഭാഗം യാത്രക്കാരുടെ ആവശ്യത്തിനു പരിഹാരം കാണാൻ മറ്റൊരു വിഭാഗം സ്ഥിരം യാത്രക്കാരുടെ നിലവിലുള്ള യാത്രാസൗകര്യം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എംപി വ്യക്തമാക്കി.
നിലവിലുള്ള മെമു സർവീസ് അതേപടി നിലനിർത്തിക്കൊണ്ട് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനുള്ള ബദൽ സംവിധാനം പരിശോധിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം–കൊട്ടയം മെമു സർവീസിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനൊപ്പം വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
തീരുമാനം മരവിപ്പിച്ചത് ബിജെപി ഇടപെടലിൽ എന്ന് പി.കെ.കൃഷ്ണദാസ് അറിയിച്ചു. കോട്ടയം -കൊല്ലം റൂട്ടിലെ യാത്രക്കാരുടെ പരാതികൾ കണക്കിലെടുത്തു കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ താൽക്കാലികമായി മരവിപ്പിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.
കൃഷ്ണദാസ് പറഞ്ഞു. യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നടത്തിയ ഇടപെടലുകളുടെയും റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും ജനറൽ മാനേജരുമായും നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിലാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

