ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ സർക്കാർ സജ്ജമായി.
തീർത്ഥാടകർക്ക് വിവിധ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. sabariportaldcpta.in എന്ന വെബ്സൈറ്റ് വഴി തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാനും അത്യാവശ്യ സഹായങ്ങൾ തേടാനും സാധിക്കും.
പ്രത്യേക ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഈ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്. സുരക്ഷയും സേവനങ്ങളും വിരൽത്തുമ്പിൽ
തീർത്ഥാടനകാലത്ത് തിരക്കിനിടയിൽ കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്താനും നഷ്ടപ്പെട്ട
വസ്തുക്കളെക്കുറിച്ച് പരാതിപ്പെടാനും പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്. പരാതികൾ നൽകുന്നതോടെ അത് നേരിട്ട് പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, സ്വീകരിക്കുന്ന നടപടികൾ വാട്സാപ്പ് സന്ദേശങ്ങളായി പരാതിക്കാരന് ലഭ്യമാവുകയും ചെയ്യും.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഫോട്ടോ സഹിതം ഇതിൽ അപ്ലോഡ് ചെയ്യാം.
സൗകര്യങ്ങൾ മാപ്പിലൂടെ
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, എ.ടി.എം കൗണ്ടറുകൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവയുടെ സ്ഥാനം ‘ശബരി മാപ്പിലൂടെ’ കൃത്യമായി മനസ്സിലാക്കാം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി ലക്ഷ്യസ്ഥാനത്തെത്താൻ ഇത് തീർത്ഥാടകരെ സഹായിക്കും.
കൂടാതെ, ദർശന സമയം, പൂജാസമയങ്ങൾ, ജലനിരപ്പ് തുടങ്ങിയ വിവരങ്ങളും തത്സമയം പോർട്ടലിൽ ലഭ്യമാണ്. ഗതാഗതവും ആരോഗ്യവും
കെ.എസ്.ആർ.ടി.സിയുമായി സാങ്കേതികമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ പമ്പയിൽനിന്നുള്ള വിവിധ ബസ് സർവീസുകളുടെ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കും.
റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും കേരളത്തിലെ പ്രധാന ആശുപത്രികളുടെ ഫോൺ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ചെക്ക് മൈ ബിൽ’ സംവിധാനത്തിലൂടെ കടകളിലെ അമിതവിലക്കെതിരെ പരാതി നൽകാനും, വാട്സാപ്പ് ചാറ്റ്ബോട്ട് വഴി സംശയങ്ങൾക്ക് മറുപടി നേടാനും സൗകര്യമുണ്ട്.
ഭരണനിർവഹണം ഡിജിറ്റലാക്കി
ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ക്രമീകരണം, ഹാജർ രേഖപ്പെടുത്തൽ, ശുചീകരണ പ്രവർത്തനങ്ങളുടെ നിരീക്ഷണം എന്നിവയും ഈ പോർട്ടലിലൂടെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ, രോഗികളുടെ റഫറൽ വിവരങ്ങൾ, മരണപ്പെട്ടവരുടെ റിപ്പോർട്ടുകൾ എന്നിവ തത്സമയം അതാത് ഉദ്യോഗസ്ഥർക്ക് ലഭ്യമാകും.
പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്പെക്ടർ യഗേഷ് ബി എന്നിവർ ചേർന്നാണ് ഈ പോർട്ടൽ രൂപകൽപ്പന ചെയ്തത്.
ബാഹ്യ ഏജൻസികളുടെ സഹായമില്ലാതെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ച ഈ സംവിധാനം ശബരിമലയിലെ തീർത്ഥാടന ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ നിസാമുദീൻ എ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

