വലിയ ജനരോഷത്തിന് ഇടയാക്കിയ പയ്യോളി പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് റൂറൽ പൊലീസ് ആണ് കേസിലെ പ്രതിയായ അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിൻ്റെ സഹായത്തോടെ 12കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
കേസ് രജിസ്റ്റർ ചെയ്തയുടൻ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവിനെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി.
മകൻ്റെ വിവാഹത്തിനായി പ്രതി വീട്ടിലെത്തിയതറിഞ്ഞ നാട്ടുകാർ ഇയാളുടെ വീട്ടിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്തി. പ്രതിഷേധം ശക്തമായതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കാനായി പൊലീസ് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകി.
പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് റഫീഖ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്.
തുടർന്ന് കൊയിലാണ്ടി ചെങ്ങോട്ട് കാവിൽ വെച്ചാണ് വടകര റൂറൽ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പയ്യോളി സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ എസ് പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

