കോഴിക്കോട് ബീച്ചില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലിലിറങ്ങിയത് ചോദ്യം ചെയ്ത ലൈഫ് ഗാര്‍ഡുകളെ ക്രൂരമായി ആക്രമിച്ച കേസില്‍ രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ ഖലീം പാഷ (36), മുഹമ്മദ് റയാന് (19) എന്നിവരെയാണ് വെള്ളയില്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെ കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപത്തായിരുന്നു ഈ അക്രമണ സംഭവമുണ്ടായത്. ലൈഫ് ഗാര്‍ഡുകളായ റോഷിത്, ആദില്‍ എന്നിവര്‍ക്കാണ് അതിക്രമത്തില്‍ പരിക്കേറ്റത്.
അപകട മേഖലയില്‍ കടലില്‍ ഇറങ്ങരുതെന്ന് കര്‍ണാടക സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. ഖലീം പാഷയും റയാനും ചേര്‍ന്ന് റോഷിത്തിനെ മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു.
തടയാനെത്തിയ ആദില്‍ എന്ന ലൈഫ് ഗാര്‍ഡിന്റെ കൈവിരലിനും മര്‍ദ്ദനത്തില്‍ പൊട്ടലുണ്ട്. അക്രമികള്‍ റോഷിത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിയ്ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
അപകടസാധ്യതയുള്ള ഭാഗത്ത് നീന്തുവാന്‍ ശ്രമിച്ചത് ലൈഫ് ഗാര്‍ഡുമാര്‍ രണ്ട് തവണ തടഞ്ഞിരുന്നു. എന്നാല്‍ ഇത് മൂന്നാം തവണയും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ സഹായം തേടുകയായിരുന്നു.
ഇതില്‍ പ്രകോപിതരായ പ്രതികൾ ബഹളം വെക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ആക്രമണം തടയാന്‍ എത്തിയ സ്പീഡ് ബോട്ട് സര്‍വീസ് നടത്തുന്നവര്‍ക്കും ഇയാളുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടര്‍നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

