പത്തനംതിട്ട ജില്ലയിലെ അങ്കണവാടികൾ വഴി കുഞ്ഞുങ്ങൾക്കായി വിതരണം ചെയ്തുവരുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണമെന്ന കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിർദേശം നടപ്പിലായില്ല. നിലവിൽ അരക്കിലോ വരുന്ന അമൃതം ന്യൂട്രിമിക്സിൽ 20 ശതമാനത്തോളം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്.
പഞ്ചസാര ഉപയോഗിച്ച് തയാറാക്കുന്ന ഈ ഭക്ഷ്യപ്പൊടിയിൽ വീണ്ടും പഞ്ചസാര ചേർക്കരുതെന്ന ലളിതമായ നിർദേശം മാത്രമാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇതിന് മറുപടിയായി നൽകിയിട്ടുള്ളത്. ഈ ഉൽപ്പന്നം കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ കൂടുതൽ ആരോഗ്യകരമാക്കി മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാട്ടി കഴിഞ്ഞ വർഷം ജൂലൈ 18ന് വകുപ്പ് ഉത്തരവുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും, നിലവിലുള്ള പഞ്ചസാരയുടെ അളവ് പോലും കുറയ്ക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല.
രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളുടെ ആഹാരത്തിൽ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടന, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എന്നിവയുടെ കർശന ശുപാർശ. ആറു മാസം മുതൽ ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അധികമായി മധുരം നൽകുന്നത് അവരുടെ സ്വാഭാവികമായ വിശപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും മറ്റ് പോഷകാഹാരങ്ങളോടുള്ള താൽപര്യം കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അങ്കണവാടികൾ വഴി നൽകുന്ന പോഷകാഹാരങ്ങളിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംസ്കരിച്ച പഞ്ചസാര, ഉപ്പ്, കൃത്രിമ നിറങ്ങൾ, സുഗന്ധ വസ്തുക്കൾ എന്നിവ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ നിർദേശം നൽകിയിട്ടുളളതാണ്. വെളുത്ത പഞ്ചസാരയ്ക്ക് പകരം മധുരം അത്യാവശ്യമാണെങ്കിൽ ശർക്കര മാത്രം ഉപയോഗിക്കണമെന്നും, അതും ആകെ ലഭിക്കുന്ന ഊർജത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വ്യവസ്ഥ.
നിലവിലുള്ള കണക്കുകൾ പ്രകാരം അര കിലോ അളവിലുള്ള അമൃതം ന്യൂട്രിമിക്സിൽ 45% ഗോതമ്പ്, 20% പഞ്ചസാര, 10% സോയാബീൻ, 10% നിലക്കടല, 15% കടലപ്പരിപ്പ് എന്നിങ്ങനെയാണ് ചേരുവകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

