പുനലൂർ ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽപാതയിൽ അനുവദിച്ച വിസ്റ്റഡോം കോച്ചുകൾ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള 60 ദിവസത്തെ സമയപരിധി ആരംഭിക്കുന്നതോടെ വിസ്റ്റഡോം ടിക്കറ്റുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ബുക്കിങ് ആരംഭിക്കുന്ന അറുപതാമത്തെ ദിവസം തന്നെ മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ദക്ഷിണ റെയിൽവേയിൽ ആദ്യമായി ഈ പാതയിൽ അനുവദിച്ച വിസ്റ്റഡോം കോച്ചുകൾ യാത്രക്കാർ ഇരുഹൈയ്യും നീട്ടി സ്വീകരിച്ചതോടെ റെയിൽവേ യാത്രാ-വിനോദസഞ്ചാര മേഖലകളിൽ ചെങ്കോട്ട–പുനലൂർ പാത വീണ്ടും ശ്രദ്ധനേടുകയാണ്.
പശ്ചിമഘട്ട മലനിരകൾ, ഇടതൂർന്ന വന പ്രദേശങ്ങൾ, തുരങ്കങ്ങൾ, പാലങ്ങൾ, മലഞ്ചരിവുകൾ, താഴ്വരകൾ തുടങ്ങി പ്രകൃതിയുടെ വിസ്മയക്കാഴ്ചകളാൽ സമ്പന്നമാണ് ഈ റെയിൽപാത.
വിശാലമായ ഗ്ലാസ് ജനലുകളും മേൽക്കൂരയിലെ സുതാര്യമായ ഗ്ലാസ് സംവിധാനവുമുള്ള വിസ്റ്റഡോം കോച്ചുകൾ യാത്രക്കാർക്ക് മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. നിലവിൽ താൽക്കാലികമായി അനുവദിച്ചിരിക്കുന്ന ഈ കോച്ചുകൾ സ്ഥിരമാക്കണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.
തെന്മലയ്ക്കും കഴുതുരുട്ടിക്കും മധ്യേ എംഎസ്എൽ ഭാഗത്ത് ദേശീയപാതയും കഴുതുരുട്ടി ആറും ചെങ്കുത്തായ മലനിരകളും ഒരുമിച്ച് കാണാവുന്നത് സഞ്ചാരികൾക്ക് മികച്ചൊരു അനുഭവമാണ് നൽകുന്നത്. ചെങ്കോട്ട
മുതൽ പുനലൂർ വരെയുള്ള യാത്രയ്ക്ക് വിസ്റ്റഡോം കോച്ചിലെ ടിക്കറ്റ് നിരക്ക് 515 രൂപയാണ്. കൊല്ലം–ചെങ്കോട്ട റൂട്ടിൽ 630 രൂപയും, മധുര–ഗുരുവായൂർ സർവീസിൽ 1875 രൂപയുമാണ് നിരക്ക്.
നിലവിൽ മധുര–ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും ഗുരുവായൂർ–മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമാണ് വിസ്റ്റഡോം കോച്ചുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഒക്ടോബർ 22 മുതൽ ജനുവരി 16 വരെയാണ് നിലവിൽ താൽക്കാലികമായി കോച്ചുകൾ അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

