പൊതുസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കയ്യേറി പ്രതിഷേധം സംഘടിപ്പിക്കുവാൻ ആർക്കും അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമരങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കഴിഞ്ഞ മാസം ജന്തർമന്തറിലും, രാംലീല മൈതാനിയിലും നടന്ന വൻ പ്രതിഷേധങ്ങൾക്ക് എതിരായ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. നേരത്തെ ജന്തർ മന്തറിനു നൽകിയിരുന്ന പ്രതിഷേധ സ്ഥലം എന്ന പദവി നീക്കിയിരുന്നു.
പകരം രാംലീല മൈതാനി ഉൾപ്പെടെ മൂന്ന് ബദൽ സ്ഥലങ്ങളാണ് പ്രതിഷേധങ്ങൾക്കായി അനുവദിച്ചത്. ഉത്സവ സീസണിൽ ജനജീവിതവും കച്ചവടവും തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെയും മറ്റുള്ളവരുടെയും മറുപടി തേടി.
‘‘ഒരു സ്ഥലം എല്ലാ കാലത്തേക്കുമായി കയ്യടക്കാൻ നിങ്ങൾക്കാവില്ല. മറ്റ് പ്രതിഷേധക്കാരും ഇവിടെയുണ്ട്.
കർഷകരും അഭിഭാഷകരുമൊക്കെ എങ്ങോട്ട് പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്’’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 20ലെ പ്രതിഷേധത്തിന് ഒരു ദിവസത്തെ അനുമതി മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പ്രതിഷേധക്കാർ സ്ഥലം കയ്യടക്കുക മാത്രമല്ല, പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
പാർലമെന്റും സുപ്രീം കോടതിയുമൊന്നും സാധാരണ രാഷ്ട്രീയ കെട്ടിടങ്ങളല്ലെന്നും അങ്ങോട്ട് മാർച്ച് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കൂട്ട
കസ്റ്റഡി, പൊലീസ് അതിക്രമങ്ങൾ, മെട്രോ സ്റ്റേഷനുകൾ അടച്ചിടൽ, ഇന്റർനെറ്റ് റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുള്ള ഒരു കൂട്ടം ഹർജികളാണ് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ കൂടി ഉൾപ്പെട്ട
ബെഞ്ച് പരിഗണിച്ചത്. പ്രതിഷേധങ്ങൾ മൂലം ഉണ്ടായ നഷ്ടത്തിന് ഉത്തരവാദികളായ സംഘാടകരെ കൂടി കേസിൽ കക്ഷികളാക്കാൻ വ്യാപാരി സംഘടനകളോട് കോടതി നിർദേശിച്ചു.
പ്രതിഷേധം നടന്ന സ്ഥലത്തിനു സമീപം 50 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അവിടത്തെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണെന്നും കൊണോട്ട് പ്ലേസിൽ ആരുമില്ലാത്ത അവസ്ഥയാണെന്നും വ്യാപാരികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതിഷേധ സംഘടനകളെ കക്ഷികളാക്കാതെ ഈ വിഷയത്തിൽ കോടതിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

