പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ വിയറ്റ്നാം സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) തലസ്ഥാനമായ ഹനോയിയിലെത്തിയത്. നവംബർ ഒന്നിനാണ് ഡോവൽ വിയറ്റ്നാമിൽ എത്തിയത്. കഴിഞ്ഞ ദിവസം ഹനോയിയിലെ ബുദ്ധക്ഷേത്രത്തിൽ അദ്ദേഹം എത്തിയതോടെയാണ് ഈ ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിയറ്റ്നാമിന്റെ ഉന്നത പ്രതിരോധ, സുരക്ഷാ നേതൃത്വവുമായി തിങ്കളാഴ്ച അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, സൈബർ സുരക്ഷ, പ്രതിരോധ സഹകരണം എന്നീ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നതായി വിയറ്റ്നാം സർക്കാരിന്റെ പ്രസ്താവനകളും മാധ്യമ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഞായറാഴ്ച വിയറ്റ്നാമിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാങ്ങുമായും, സുരക്ഷാ മന്ത്രി ജനറൽ ലുവോങ് ടാം ക്വാങ്ങുമായും അജിത് ഡോവൽ ചർച്ചകൾ നടത്തി.
പ്രതിരോധ രംഗത്ത് അടുത്തിടെ ഇന്ത്യയുമായി വിയറ്റ്നാം ഏറെ അടുത്തിടപഴകുന്നുണ്ട്. കഴിഞ്ഞ മേയ് മാസം വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
ഇതിനുപുറമേ വിയറ്റ്നാമിന് പട്രോളിങ് ബോട്ടുകളും ഇന്ത്യ കൈമാറിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നും അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന വിയറ്റ്നാം, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്.
ദക്ഷിണ ചൈന കടലിലെ ചൈനീസ് അവകാശവാദങ്ങളെയും കടന്നുകയറ്റങ്ങളെയും എതിർക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമും ഉൾപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഡോവലുമായുള്ള കൂടിക്കാഴ്ചയും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതുവഴിയുള്ള നീക്കങ്ങളും ചൈനയെ സംബന്ധിച്ചും നിർണായകമാണ്.
അതേസമയം, പതിവുപോലെ ഡോവലിന്റെ വിദേശ സന്ദർശനത്തെ കുറിച്ച് ഇന്ത്യ മുൻകൂട്ടി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിരുന്നില്ല. വിയറ്റ്നാം പ്രതിരോധ മന്ത്രിയെ ഡോവൽ സന്ദർശിച്ചു എന്ന ചുരുക്കം വിവരം മാത്രമാണ് ഹനോയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി പങ്കുവെച്ചത്.
പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ചർച്ചകളിലൂടെ തീരുമാനമായതായി ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

