തളിപ്പറമ്പ്∙ കായികരംഗത്ത് കേരളത്തിനായി പൊരുതിനിന്ന അശ്വതിയും കുടുംബവും ഇന്ന് ദുരിതക്കയത്തിൽ. മഴയൊഴിഞ്ഞ് കാറ്റടങ്ങിയാലേ പുളിമ്പറമ്പ് തോട്ടാറമ്പിലെ ഈ കുടുംബത്തിന്റെ വീട്ടിൽ അടുപ്പുപുകയൂ.
മുറ്റത്തു വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയിലെ താത്കാലിക അടുപ്പിലാണ് ഇവർ ഇപ്പോൾ പാചകം ചെയ്യുന്നത്. മഴയും കാറ്റും ശക്തമാകുമ്പോൾ പ്രതിസന്ധിയിലാകുന്ന ഈ കുടുംബം കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ 4 മാസം മുൻപ് വീടു ജപ്തിചെയ്ത് ബാങ്ക് സീൽ ചെയ്തതിനെതുടർന്ന്, പണിപൂർത്തിയാകാത്ത വീടിന്റെ വർക്ക് ഏരിയയിലാണ് അശ്വതിയും കുടുംബവും കഴിയുന്നത്. ഭർത്താവ് നിധിൻ, മക്കളായ ഒന്നാം ക്ലാസ് വിദ്യാർഥി ആകൃത, രണ്ടര വയസ്സുകാരി ആമിയ, ഭർതൃമാതാവ് ആരംഭൻ സുനില (51), ഭർതൃപിതാവ് തോമസ് (56) എന്നിവരാണ് ഈ ദുരവസ്ഥയിലുള്ളത്.
മഴ കനക്കുമ്പോൾ വെള്ളം അകത്തേക്ക് ഇരച്ചുകയറുന്ന അവസ്ഥയാണ്. ഇടിയും മിന്നലും ശക്തമാകുമ്പോൾ കുഞ്ഞുമക്കളെ കെട്ടിപ്പിടിച്ചു കരയാനേ ഇവർക്ക് കഴിയുന്നുള്ളൂ.
വീട് ജപ്തി ചെയ്തതോടെ, ശുചിമുറി ഉപയോഗിക്കാൻപോലും അടുത്ത വീടുകളെയാണ് കുടുംബം ആശ്രയിക്കുന്നത്. സംസ്ഥാനത്തിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ള മുൻ ത്രോബോൾ താരമാണ് അശ്വതി.
കണ്ണൂർ സർവകലാശാലയുടെ ഇന്റർകൊളീജിയറ്റ് ഫുട്ബോൾ താരവും കബഡി താരവുമായിരുന്നു ഇവർ. 2018ലാണ് വീടുനിർമാണത്തിനായി കേരള ബാങ്കിൽനിന്ന് ഭർത്താവിന്റെ കുടുംബസ്വത്തായ 35 സെന്റ് പണയംവച്ച് 15 ലക്ഷം രൂപ വായ്പയെടുത്തത്.
സുനിലയുടെ പേരിലായിരുന്നു വായ്പ എടുത്തത്. എന്നാൽ മരംമുറിക്കുന്ന ജോലിക്കിടെ വീണ് നിധിൻന്റെ കാൽ ഒടിഞ്ഞു കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു.
ഇതിനുപിന്നാലെയെത്തിയ കോവിഡ് പ്രതിസന്ധികൂടിയായതോടെ വായ്പ തിരിച്ചടവ് പൂർണമായും മുടങ്ങി. തുടർന്ന് ബാങ്ക് പലിശ കുറച്ചെങ്കിലും ബാക്കി വരുന്ന വലിയ തുക അടച്ചുതീർക്കാൻ കുടുംബത്തിനായില്ല.
നിലവിൽ 34 ലക്ഷം രൂപയിലധികം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. മുഖ്യമന്ത്രിയെക്കണ്ട് നേരിൽ പരാതി ബോധിപ്പിക്കാൻ പലതവണ തിരുവനന്തപുരത്തു പോയെങ്കിലും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല.
യാത്രാച്ചെലവിനുള്ള പണം കടംവാങ്ങി അടുത്തദിവസം വീണ്ടും തിരുവനന്തപുരത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

