മുട്ടിൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉബൈല – നൂർ മുഹമ്മദ് ദമ്പതികളാണ് രേഖകളിലെ സാങ്കേതിക തടസ്സങ്ങൾ കാരണം വീടു നിർമിക്കാനാകാതെ വലയുന്നത്. ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി വീട് അനുവദിക്കപ്പെട്ടെങ്കിലും, കയ്യിലുള്ള അഞ്ച് സെന്റ് ഭൂമി റവന്യൂ രേഖകളിൽ നെൽവയൽ ആയി രേഖപ്പെടുത്തിയിട്ടുള്ളതാണ് നിർമാണാനുമതി ലഭിക്കുന്നതിന് പ്രധാന തടസ്സമായിരിക്കുന്നത്.
വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ നിർധന കുടുംബത്തിന് പഞ്ചായത്തിൽ നിന്നും വീട് അനുവദിക്കപ്പെട്ടത്. എന്നാൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുവാൻ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തടസ്സങ്ങൾ തിരിച്ചടിയായത്.
സ്വന്തമായി മറ്റ് പുരയിടങ്ങളോ മാറിത്താമസിക്കാൻ മറ്റ് മാർഗങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം കഴിയുന്നത്. കേരള നെൽവയൽ – തണ്ണീർത്തട
സംരക്ഷണ നിയമപ്രകാരം സ്വന്തമായി മറ്റ് ഭൂമിയില്ലാത്തവർക്ക് വീട് നിർമിക്കുന്നതിനായി നിശ്ചിത സെന്റ് വയൽ തരംമാറ്റുന്നതിന് നിയമപരമായ ഇളവുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. പഞ്ചായത്തുകളിൽ പത്ത് സെന്റ് വരെ ഇത്തരത്തിൽ തരംമാറ്റാൻ വ്യവസ്ഥയുണ്ടെങ്കിലും, തങ്ങളുടെ അപേക്ഷകൾ ചുവപ്പുനാടയിൽ കുടുങ്ങി നീതി വൈകുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
അനുവദിച്ചുകിട്ടിയ ഫണ്ട് നിശ്ചിത സമയത്തിനകം നിർമാണം ആരംഭിച്ചില്ലെങ്കിൽ നഷ്ടപ്പെടുമോ എന്ന വലിയ ആശങ്കയിലാണ് ഇവർ. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവനപദ്ധതികളിൽ ഉൾപ്പെട്ട
നിർധനരായ ഗുണഭോക്താക്കളുടെ പ്രത്യേക സാഹചര്യം ഗൗരവമായി കണ്ട് റവന്യുവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

