കേരളം എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും പുറംലോകവുമായി ബന്ധപ്പെടാൻ സഞ്ചാരയോഗ്യമായ ഒരു വഴിപോലുമില്ലാതെ കടുത്ത ദുരിതത്തിലാണ് ജില്ലയിലെ നിരവധി ആദിവാസി കുടുംബങ്ങൾ. അടുത്തിടെ ഇടമലക്കുടിയിൽ പനി ബാധിച്ച് അവശനിലയിലായ രോഗിയെ നാട്ടുകാർ മഞ്ചലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച സംഭവം ഈ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ച മാത്രമാണ്.
ജില്ലയിലെ പല ഗോത്ര ഉന്നതികളിലേക്കും വാഹനങ്ങൾ എത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ചിലയിടങ്ങളിൽ റോഡുകൾ ഉണ്ടെങ്കിലും അവയെല്ലാം തകർന്നു തരിപ്പണമായി കിടക്കുകയാണ്.
അടിയന്തര ഘട്ടങ്ങളിൽ രോഗികളെ വേഗത്തിൽ ആശുപത്രികളിലേക്ക് മാറ്റാൻ കഴിയാത്ത വിധം അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് പതിറ്റാണ്ടുകളായി തുടരുന്നത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകൃതമായി പതിനാറു വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ ഇന്നും ഏറെ പിന്നിലാണ്.
ഗതാഗത സൗകര്യമില്ലായ്മയാണ് ഇവിടുത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതമൂലം രോഗികളെയും ഗർഭിണികളെയും മഞ്ചലിൽ ചുമന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് ഇന്നും പതിവുകാഴ്ചയാണ്.
ഈ വർഷം മാത്രം ആറുപേരെയാണ് സമാനമായ രീതിയിൽ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചത്. ആധുനിക കാലഘട്ടത്തിലും അടിസ്ഥാന യാത്രാസൗകര്യം നിഷേധിക്കപ്പെടുന്നത് ഗോത്രവർഗ ജനതയുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു.
പെട്ടിമുടി പുല്ലുമേട്ടിൽ നിന്നും പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിലേക്കുള്ള റോഡ് നിർമാണം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചെങ്കിലും പ്രാഥമിക ഘട്ടങ്ങൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. വിദൂര പ്രദേശങ്ങളായ കൂടല്ലാർ, കീഴ്വളയംപാറ ഉൾപ്പെടെയുള്ള പത്ത് ഉന്നതികളിലെ ജനങ്ങളാണ് റോഡില്ലാതെ ഏറ്റവും അധികം യാത്രാക്ലേശം അനുഭവിക്കുന്നത്.
മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടി, പാറക്കുടി ആദിവാസി ഉന്നതികളിൽ നിന്നും രോഗികളെ ആശുപത്രികളിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം മഞ്ചലിൽ ചുമന്ന് റോഡ് മാർഗ്ഗത്തിൽ എത്തിക്കണം. നല്ലതണ്ണിയാറിന് കുറുകെ പാലമില്ലാത്തതാണ് കള്ളക്കുടി നിവാസികളുടെ പ്രധാന ദുരിത കാരണം.
2018 ലെ മഹാപ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന പാലം പൂർണ്ണമായി തകർന്നിരുന്നു. തുടർന്ന് പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
നിലവിൽ നാട്ടുകാർ തന്നെ നിർമ്മിച്ച ഈറ്റ കൊണ്ടുള്ള നടപ്പാലമാണ് അൻപതാം മൈലിനെ കള്ളക്കുട്ടി ഉന്നതിയുമായി ബന്ധിപ്പിക്കുന്നത്. പാറക്കുടിയിലും സ്ഥിതി വ്യത്യസ്തമല്ല; ഒന്നര കിലോമീറ്ററോളം കാട്ടുപാത താണ്ടിയാണ് ഇവർ അൻപതാം മൈൽ റോഡിൽ എത്തിച്ചേരുന്നത്.
മഴക്കാലമാകുന്നതോടെ ഇവരുടെ പുറംലോകവുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്നു. മറയൂർ – കാന്തല്ലൂർ മലനിരകളിലെ ആദിവാസി ഉന്നതികളിലും മഴക്കാലത്തെ യാത്രാദുരിതം അതീവ രൂക്ഷമാണ്.
മൺറോഡുകൾ മാത്രമുള്ള ഇവിടങ്ങളിൽ ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് ആശ്രയം. എന്നാൽ മഴക്കാലത്ത് ഇവയ്ക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിലേക്ക് റോഡ് ഉണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും താമസിക്കുന്ന ഇടങ്ങളിൽ നിന്നും റോഡിലേക്ക് എത്താൻ കാൽനടയാത്ര തന്നെ ആശ്രയിക്കേണ്ടി വരുന്നു. റോഡുകൾ തകർന്നുകിടക്കുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ ഓട്ടോറിക്ഷകൾ പോലും ഇവിടേക്ക് വരാൻ തയാറാകുന്നില്ല.
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കൊഴിപ്പനക്കുടിയിലേക്കും പ്രധാന റോഡിൽ നിന്നും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. രാപകൽ ഭേദമില്ലാതെ റോഡിലിറങ്ങുന്ന കാട്ടാനകളും ഇവിടത്തെ നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്.
ഉപ്പുതറ പഞ്ചായത്തിലെ ആദിവാസി ഉന്നതിയിലേക്കുള്ള കിഴുകാനം ഈട്ടിപ്പടി-മുല്ല റോഡ് നന്നാക്കണമെന്ന ആവശ്യവും അധികൃതർ അവഗണിക്കുകയാണ്. ഇരുപത്തിയഞ്ച് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികൾ വൈകുകയാണ്.
അത്യാഹിത ഘട്ടങ്ങളിൽ രോഗികളെ ഇരുനൂറോളം മീറ്റർ ചുമന്നാണ് വാഹനം എത്തുന്ന സ്ഥലത്ത് എത്തിക്കുന്നത്. ദുർഘടമായ കയറ്റത്തിലൂടെ ഭക്ഷ്യവസ്തുക്കൾ പോലും വീടുകളിൽ എത്തിക്കാൻ പ്രയാസപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്.
കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് ഇതിനായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും കരാറുകാരൻ പണി തുടങ്ങാൻ വൈകിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ സമരം നടത്തിയെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ല.
വലിയ കയറ്റമുള്ള ഭാഗമെങ്കിലും കോൺക്രീറ്റ് ചെയ്താൽ ജീപ്പുകൾക്ക് എത്തിച്ചേരാൻ സാധിക്കുമെന്നും അത് വഴി ദുരിതത്തിന് ചെറിയ ശമനമുണ്ടാകുമെന്നുമാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

