കൊല്ലം ജില്ലാ ആശുപത്രിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൃതദേഹത്തോടുണ്ടായ അശാസ്ത്രീയ സമീപനത്തിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
പട്ടത്താനം നഗർ 237 ജെയ് കോട്ടേജിൽ കെ.വി.മാത്യൂസ് (67) അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 10.45-ഓടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കോർപറേഷൻ കൗൺസിലർ ഡി.കൃഷ്ണകുമാറും പൊലീസും ചേർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊലീസ് സർജൻ അനുമതി നിഷേധിക്കുകയാണുണ്ടായത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നും ഇവിടെ പോസ്റ്റ്മോർട്ടം ചെയ്യാനാകില്ലെന്നുമായിരുന്നു നിലപാട്.
തുടർന്ന് രണ്ട് മണിക്കൂറോളം ആംബുലൻസ് ആശുപത്രിക്ക് മുന്നിൽ കിടക്കേണ്ടി വന്നു. തുടർന്ന് ഉച്ചയ്ക്ക് 12.30-ഓടെ ആശുപത്രിയിലെത്തിയ കലക്ടർ ആനി ജൂല തോമസിനെ കൗൺസിലർ വിവരങ്ങൾ ധരിപ്പിച്ചു.
കലക്ടർ ഇടപെട്ട് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയായിരുന്നു. മരിച്ച കെ.വി.മാത്യൂസിന്റെ ഭാര്യ ജെയ്മോൾ മുംബൈയിലാണുള്ളത്.
മക്കളായ പിനു, വിനു എന്നിവർ യുകെയിലുമാണ്. ഇവർ നാട്ടിലെത്തിയ ശേഷം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
ഇതിനു പുറമെ ജില്ലാ ആശുപത്രിയിൽ മറ്റൊരു സംഭവവും നടന്നു. കൊട്ടിയം തഴുത്തല പുഞ്ചിരിച്ചിറ ഉന്നതിയിൽ ഓട്ടോ ഡ്രൈവർ ശിവദാസൻപിള്ള (58) പത്തു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.45-ന് മരണപ്പെട്ടു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ജീവനക്കാർ തയ്യാറായില്ല. തർക്കം രൂക്ഷമായതോടെ സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഒ.എസ്.ബിജി ജീവനക്കാരുമായി ചർച്ച നടത്തി.
ഒടുവിൽ വൈകീട്ട് അഞ്ചരയോടെയാണ് താക്കോൽ എത്തിച്ച് മോർച്ചറി തുറന്നത്. മൃതദേഹം ശുചിയാക്കുന്ന ജോലികൾ പഞ്ചായത്തംഗവും ബന്ധുക്കളും ചേർന്നാണ് പൂർത്തിയാക്കിയത്.
മരിച്ച ശിവദാസൻപിള്ളയുടെ ഭാര്യ ഗീതയും മകൾ ലക്ഷ്മിയുമാണ്. എന്നാൽ ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

