തിരുവനന്തപുരം നഗരത്തിലെ പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.
പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. നാലാഞ്ചിറയിലെ സ്കൂളിൽ പഠിക്കുന്ന എം.ഡി.അഭിരാം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു വീട്ടിൽനിന്നിറങ്ങിയത്.
പാങ്ങപ്പാറ ഭഗത്സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ് കൊല്ലപ്പെട്ട വിദ്യാർത്ഥി.
രാത്രി ഏഴോടെ വീട്ടിലേക്കു വിളിച്ച് ഉടൻ എത്തുമെന്നു പറഞ്ഞെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാവുകയായിരുന്നു.
മകനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് മധുകുമാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്. കസ്റ്റഡിയിലുള്ള പതിനേഴുകാരനുമായി തെളിവെടുപ്പിനായി പൊലീസ് എത്തിയപ്പോഴാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷനു മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പൊലീസ് ജീപ്പ് തടഞ്ഞ പ്രതിഷേധക്കാരെ സേന ലാത്തിവീശി വിരട്ടിയാണ് സ്ഥലത്തുനിന്ന് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണർ അർ ഉൾ ആർ.ബി.കൃഷ്ണ സംഭവസ്ഥലം സന്ദർശിച്ചു.
കൂടാതെ വി.മുരളീധരൻ എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഭിരാമും പെൺസുഹൃത്തും തമ്മിലുള്ള സമൂഹമാധ്യമ ചാറ്റുകൾ മറ്റൊരു കൗമാരക്കാരൻ നിരന്തരം നിരീക്ഷിച്ചിരുന്നതായും ഇയാളുടെ ഫോണിലും ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ബെൽറ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് കസ്റ്റഡിയിലുള്ള പതിനേഴുകാരൻ മൊഴി നൽകിയിട്ടുണ്ട്.
മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച ഉമർ എന്നയാൾ മോഷണമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലിനും അഭിരാമും സുഹൃത്തുക്കളും ഈ പ്രദേശത്ത് എത്തിയിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

