ഡൽഹി: ഇന്ത്യാ മുന്നണിയുടെ രാം ലീലാ റാലിയെ തുടർന്ന് രാജ്യത്ത് ഭരണപക്ഷ പ്രതിപക്ഷ വാക്പോര് അതിരൂക്ഷമാകുന്നു. വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട
മൂന്ന് കോടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. 2014 ലും 2019 ലും നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എസ്ഐആർ നടപ്പാക്കിയപ്പോഴല്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മോക് പാർലമെന്റിലല്ലാതെ പ്രധാനമന്ത്രിയാകാൻ രാഹുലിന് കഴിയില്ലെന്നും ഷാ പരിഹസിച്ചു. ഹൈദരാബാദിൽ വലിയ ജനപങ്കാളിത്തത്തോടെ നടന്ന പദയാത്രയ്ക്ക് ശേഷമായിരുന്നു ആഭ്യന്തര മന്ത്രിയുടെ ഈ പ്രതികരണം.
നുഴഞ്ഞുകയറ്റക്കാരെ ബിജെപി കർശനമായി പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന സമാനമായ പദയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഇന്ത്യാ മുന്നണിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
2029 ലും നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, പ്രധാനമന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്.
രാജ്യത്തോട് നുണ പറയുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് എക്സിൽ കുറിച്ച അദ്ദേഹം, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും അധികാരത്തിൽ തുടരുന്നതും വിദേശ സഹായത്താലാണെന്നും ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക സംവിധാനം വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, മോദിയെ പരസ്യ സംവാദത്തിനും വെല്ലുവിളിച്ചു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനുമെതിരായ തുടർന്നുള്ള പ്രതിഷേധ സമരങ്ങൾ ഇന്ത്യാ മുന്നണി നേതാക്കളുടെ കൂട്ടായ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ശക്തമായ സമരപരിപാടികളാണ് മുന്നണിയുടെ ആലോചനാപട്ടികയിലുള്ളത്.
മറുഭാഗത്ത്, ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവക്യങ്ങൾ ഉയർത്തി പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ രാജ്യത്തുടനീളം പ്രമുഖ നേതാക്കളെ അണിനിരത്തി പദയാത്രകൾ തുടരാനാണ് ബിജെപിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

