അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായകമായ വഴിതിരിവാകുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. പ്രസിഡന്റിന്റെ നാലുവർഷ കാലാവധി പകുതി പിന്നിടുമ്പോൾ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിലെ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കും ഉള്ള അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.
രാജ്യത്ത് നിയമനിർമ്മാണം നടത്തുന്ന യുഎസ് കോൺഗ്രസിലെ ഇരുസഭകളിലും നിലവിൽ പ്രസിഡന്റ് ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. എന്നാൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് ഘടനയും പ്രധാന മത്സരങ്ങളും
യുഎസ് കോൺഗ്രസിലെ ജനപ്രതിനിധിസഭാംഗത്തിന്റെ കാലാവധി 2 വർഷമാണ്. സഭയിലെ മുഴുവൻ സീതുകളായ 435 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഉപരിസഭയായ സെനറ്റിലെ അംഗങ്ങളുടെ കാലാവധി 6 വർഷമാണ്. ഓരോ 2 വർഷം കൂടുമ്പോഴും മൂന്നിലൊന്നു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഇത്തവണ 35 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. യുഎസ് കോൺഗ്രസിനൊപ്പം തന്നെ 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പും 15 നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.
ലൊസാഞ്ചലസ് മേയർ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയും ഡെമോക്രാറ്റ് നേതാവുമായ നിത്യ രാമൻ ജനവിധി തേടുന്നു. മേയർ തിരഞ്ഞെടുപ്പ് പാർട്ടി അടിസ്ഥാനത്തിലല്ലെങ്കിലും, അഭിപ്രായ വോട്ടെടുപ്പുകൾ നിത്യയ്ക്ക് അനുകൂലമാണ്.
ഇതിനുപുറമെ, യുഎസ് തിരഞ്ഞെടുപ്പിൽ ഫോസൈത് കൗണ്ടി കമ്മിഷണറായി ഇന്ത്യൻ വംശജയായ ശുചിത പട്ടേലും മത്സരിക്കുന്നുണ്ട്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വംശീയാക്രമണങ്ങൾക്ക് വേദിയായിട്ടുള്ളതും വെളുത്തവർഗക്കാരുടെ തീവ്രവാദ സംഘടനയായ ക്ലൂക്ലക്സ് ക്ലാൻ പ്രബലവുമായിരുന്ന ഫോസൈത് കൗണ്ടിയിൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ശുചിത.
വിലക്കയറ്റവും പ്രതിസന്ധികളും
സിൽവർ ബുള്ളറ്റിൻ വെബ്സൈറ്റ് കണക്കുപ്രകാരം 2 വർഷം മുൻപ് ട്രംപ് അധികാരമേൽക്കുമ്പോൾ 50 ശതമാനത്തിന് മുകളിലായിരുന്ന ജനപ്രീതി, കഴിഞ്ഞമാസം നടത്തിയ സർവേകളിൽ 37% ആയി ഇടിഞ്ഞു. യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ വരുന്ന രണ്ട് വർഷം ട്രംപിന് നിർണായക നയപരമായ തീരുമാനങ്ങൾ പാസാക്കാൻ കഴിയാതെ വരും.
വിലക്കയറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ഇറാനിലെ യുദ്ധംമൂലം ഹോർമുസ് കടലിടുക്ക് അടച്ചത് യുഎസിലും ഇന്ധനവില ഉയരാൻ കാരണമായി.
ഇറക്കുമതികൾക്ക് ഇരട്ടിത്തീരുവകൾ ചുമത്തിയതും വിലക്കയറ്റത്തിന് വഴിയൊരുക്കിയെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്ന വിമർശനങ്ങളും ശക്തമാണ്.
നിലവിലെ കക്ഷിനില
ജനപ്രതിനിധി സഭ (ആകെ സീറ്റ്: 435, കേവല ഭൂരിപക്ഷത്തിനു വേണ്ടത്: 218)
* റിപ്പബ്ലിക്കൻ പാർട്ടി: 218
* ഡെമോക്രാറ്റ്: 214
*(2 സീറ്റ് ഒഴിവ്. ഒരു സ്വതന്ത്ര അംഗമുള്ളത് റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം)*
സെനറ്റ് (ആകെ സീറ്റ്: 100, കേവല ഭൂരിപക്ഷം: 51)
* റിപ്പബ്ലിക്കൻ പാർട്ടി: 53
* ഡെമോക്രാറ്റ്: 45
* സ്വതന്ത്രർ: 2
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

