അതിരൂക്ഷമായ വിലക്കയറ്റവും രൂക്ഷമായ സാമ്പത്തിക-ഊർജ പ്രതിസന്ധിയും കാരണം പ്രക്ഷുബ്ധമായിരിക്കുന്ന ബംഗ്ലദേശിൽ തൊഴിലാളി സമരങ്ങൾ വ്യാപിക്കുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യത്ത് 500-ലധികം ഫാക്ടറികൾ ഇതിനോടകം അടച്ചുപൂട്ടി.
സമരരംഗത്തുള്ള തൊഴിലാളികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി, വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കുന്നതിനായി പ്രത്യേക വേജ് ബോർഡ് രൂപീകരിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു. യൂറോപ്പിൽ നിലവിലുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സമാനമായ സാഹചര്യമാണ് നിലവിൽ ബംഗ്ലദേശിൽ രൂപപ്പെട്ടിരിക്കുന്നത്.
ചരിത്രപരമായി ഉയർന്ന പണപ്പെരുപ്പം കാരണം ഭക്ഷണം, പാർപ്പിടം, ഗതാഗതം, ആരോഗ്യം തുടങ്ങിയ അവശ്യമേഖലകളിലെ ചെലവുകൾ കുത്തനെ ഉയർന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. നാല് ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന വസ്ത്രനിർമ്മാണ മേഖലയിൽ അടിസ്ഥാന വേതനം 30,000 ബംഗ്ലാദേശ് ടാക്ക അതായത് 23,000 ഇന്ത്യൻ രൂപയായി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
എന്നാൽ, തൊഴിലാളികളുടെ ഈ ആവശ്യത്തോട് ബംഗ്ലാദേശ് ഗാർമെന്റ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ മുഖം തിരിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് വ്യാപിക്കാൻ കാരണമായത്.
ധാക്ക, ഗാസിപ്പൂർ, അഷുലിയ എന്നീ പ്രധാന വ്യവസായിക മേഖലകളിൽ റോഡുകൾ ഉപരോധിച്ച് തൊഴിലാളികൾ നടത്തിയ പ്രക്ഷോഭം പിന്നീട് അക്രമാസക്തമായി മാറുകയായിരുന്നു. വ്യവസായ മേഖലകളെ പൂർണ്ണമായും സ്തംഭിപ്പിച്ചും, പൊതുഗതാഗതം തടസ്സപ്പെടുത്തിയും, പൊലീസിനെ ആക്രമിച്ചും പ്രതിഷേധം കനത്തതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസും ബംഗ്ലാദേശ് ബോർഡർ ഗാർഡും സജീവമായി രംഗത്തിറങ്ങി.
പ്രതിഷേധം തടയാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്ന സാഹചര്യത്തിലാണ് തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാൻ വേജ് ബോർഡ് രൂപീകരിക്കാമെന്ന നിർണ്ണായക തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. എങ്കിലും, അടിസ്ഥാന വേതനം 30,000 ടാക്കയാക്കണമെന്ന തൊഴിലാളികളുടെ പ്രധാന ആവശ്യം അംഗീകരിക്കാനാകില്ലെന്ന കർശന നിലപാടിലാണ് വസ്ത്ര നിർമാതാക്കളുടെ അസോസിയേഷൻ ഇപ്പോഴും തുടരുന്നത്.
രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികം സംഭാവന ചെയ്യുന്നതും, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിച്ചുനൽകുന്നതുമായ ഈ സുപ്രധാന വ്യവസായ മേഖലയിലെ സമരം നിലവിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടയിൽ രാജ്യത്ത് വൈദ്യുതി മുടക്കം പതിവായത് വ്യാവസായിക ഉൽപ്പാദനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ബംഗ്ലദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസങ്ങൾ പിന്നിട്ടിട്ടും ക്രമസമാധാനം, വിലക്കയറ്റം, വൈദ്യുതി-വാതക വിതരണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്ന ശക്തമായ ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും വൻ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

