ദില്ലിയിൽ നടന്ന രാംലീല റാലിയ്ക്ക് ശേഷമുള്ള അടുത്ത ഘട്ട സമരപരിപാടികൾ സഖ്യകക്ഷികളുമായി ചേർന്ന് തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നു.
സംസ്ഥാന തലങ്ങളിൽ പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിനൊപ്പം നിയമപോരാട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. റാലിയുടെ ജനപങ്കാളിത്തം വൻ വിജയമായിരുന്നു എന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാമ്പ്.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ വിവിധ തലങ്ങളിൽ തുടരുമെന്നും, ഇതിന്റെ രൂപരേഖ വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജ്യതലസ്ഥാനത്ത് തൽക്കാലം വലിയ മാർച്ചുകൾ ഉണ്ടാകില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തോടൊപ്പം പ്രക്ഷോഭം വീണ്ടും സജീവമാക്കാനാണ് ആലോചന.
എന്നാൽ, രാംലീല മൈതാനം നിറയ്ക്കാൻ ഇൻഡ്യാ സഖ്യത്തിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മൈതാനത്തിന്റെ പിന്നിലെ ഒഴിഞ്ഞുകിടന്ന കസേരകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നത്.
മൈതാനം നിറഞ്ഞതായി പ്രചരിക്കുന്ന ചിത്രങ്ങൾ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിർമ്മിതമാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പരിഹസിച്ചു. രാജ്യത്ത് പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ദേശീയതലത്തിൽ പദയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മുതിർന്ന നേതാക്കൾ നേതൃത്വം നൽകുന്ന ഈ യാത്രകൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഹരിയാനയിൽ അമിത് ഷായും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും പദയാത്രകൾക്ക് നേതൃത്വം നൽകും.
ബിജെപി ദേശീയ അധ്യക്ഷൻ ബിഹാറിലും പശ്ചിമ ബംഗാളിലും യാത്ര നയിക്കുമ്പോൾ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഹിമാചൽ പ്രദേശിലെ പദയാത്രയ്ക്ക് നേതൃത്വം നൽകും. ഇതിനിടയിൽ, രാംലീല മാർച്ചിനെച്ചൊല്ലി ദില്ലിയിലെ വ്യാപാരികളുടെ സംഘടനയായ ദില്ലി ട്രേഡേഴ്സ് അസോസിയേഷനും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാഗ്വാദങ്ങൾ തുടരുകയാണ്.
റാലി കാരണം തലസ്ഥാനത്ത് പതിനായിരത്തോളം കോടിയുടെ വ്യാപാര നഷ്ടം ഉണ്ടായെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. മാർച്ച് കാരണം ദില്ലിയിലെ ഇരുപത്തിയഞ്ചോളം പ്രധാന വ്യാപാര മേഖലകളെ ഇത് ഗുരുതരമായി ബാധിച്ചു.
മൂന്ന് ലക്ഷത്തോളം കടകളിൽ രണ്ടര ലക്ഷത്തോളവും അടഞ്ഞുകിടന്നതായും ഒറ്റദിവസം കൊണ്ട് നാല് ലക്ഷത്തോളം സന്ദർശകരെ നഷ്ടപ്പെട്ടതായും വ്യാപാരികൾ പരാതിപ്പെട്ടു. എന്നാൽ, കൊണാട്ട് പ്ലേസിൽ ബിജെപി നേതാക്കളാണ് വ്യാപാരികളുടെ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.
സമരത്തിനെത്തുന്നവർ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങി കച്ചവടക്കാരെ സഹായിക്കണമെന്നും അദ്ദേഹം നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

