ഇട്ടിവ ഗ്രാമപ്പഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി കോട്ടുക്കലിൽ ശ്രദ്ധേയമായ സംരംഭം യാഥാർത്ഥ്യമായി. ഒക്ടോബർ 31ന് ഉച്ചയ്ക്ക് 2 മണി മുതൽ നവംബർ ഒന്നിന് പുലർച്ചെ വരെയാണ് കോട്ടുക്കലിൽ വനിതാ ജംക്ഷൻ സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ 22 വാർഡുകളിൽ ഉൾപ്പെടുന്ന 14 വാർഡുകൾ സംഗമിക്കുന്ന കോട്ടുക്കലിലാണ് ഈ വേറിട്ട കൂട്ടായ്മ ഒരുക്കിയത്.
പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്ന് ഒന്നര ലക്ഷം രൂപയും വിവിധ സ്പോൺസർമാരുടെ പിന്തുണയും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പ്രദേശത്തേക്ക് വിവിധങ്ങളിൽ നിന്നും സ്ത്രീകളെ എത്തിക്കുന്നതിനായി ‘വനിതാ ജംക്ഷൻ’ എന്ന ബോർഡ് സ്ഥാപിച്ച നാല് ബസുകൾ സൗജന്യ സർവീസും നടത്തിയിരുന്നു.
രണ്ടായിരത്തോളം ആളുകളാണ് ഈ വേദിയിലേക്ക് എത്തിയത്. വരുന്ന ജനുവരിയിൽ പൊതിയാരുവിളയിലും സമാനമായ പദ്ധതി ആരംഭിക്കാനും, തുടർന്ന് എല്ലാ മാസവും ഇത് തുടരാനുമാണ് അധികൃതരുടെ തീരുമാനം.
മൈതാനത്ത് സജ്ജീകരിച്ചിരുന്ന സ്റ്റാളുകളിലെ വിപണന നിയന്ത്രണങ്ങളെല്ലാം കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു. വേദികളിൽ സ്ത്രീകൾ തന്നെയാണ് പാട്ടും നൃത്തപരിപാടികളും അവതരിപ്പിച്ചത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ വനിതാ പൊലീസുകാരും മെഡിക്കൽ സഹായത്തിനായി വനിതാ ആരോഗ്യ സംഘവും രംഗത്തുണ്ടായിരുന്നു. ഇട്ടിവ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.
റഹിന, നഴ്സുമാരായ ഷീമ, അശ്വതി, അനുപ്രിയ, ഫാർമസിസ്റ്റ് അശ്വതി എന്നിവരടങ്ങുന്നതായിരുന്നു മെഡിക്കൽ സംഘം. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടും കേരളപ്പിറവിയോടും അനുബന്ധിച്ചാണ് ആദ്യഘട്ടമായി വനിതാ ജംക്ഷൻ ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.
നൗഷാദ് വ്യക്തമാക്കി. ഇത്രയധികം വനിതാ പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ സ്റ്റാളുകൾ ഉൾപ്പെടെ 32 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ഭക്ഷ്യവസ്തുക്കളും ആഭരണങ്ങളും ഉൾപ്പെടെയുള്ളവ ഇവിടെ വിൽപ്പനയ്ക്കെത്തിച്ചു.
ഫിഷ് സ്റ്റാൾ നടത്തിയ ചുണ്ട സ്വദേശിനിയായ നജീന, മുട്ടയും കാന്താരിയും വിൽക്കാനെത്തിയ പട്ടാണിമുക്ക് സ്വദേശി ഷാനിഫ, സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികളുമായി എത്തിയ ഇടമുളയ്ക്കൽ സ്വദേശി റീന, തട്ടുകട
നടത്തുന്ന സുചിത്ര, നാടൻ വെളിച്ചെണ്ണയുമായി എത്തിയ പൊന്നമ്മ, സുകേശിനി അമ്മ, ഓറോട്ടിയും ശംഖുപുഷ്പം ജ്യൂസും തയ്യാറാക്കിയ വയ്യാനം സ്വദേശിനികളായ ഷൈമ, ജസ്ന, ഷാനിഫ, റസീന എന്നിവരെല്ലാം സജീവമായ വിപണനത്തിന്റെ ആഹ്ലാദത്തിലായിരുന്നു. വയലാ ജിഎച്ച്എസ്എസിലെ എസ്പിസി കെഡറ്റുകളായ നന്ദന രാജേഷ്, മയൂഖ ആർ.
ബിനു, അമയ സുരേഷ് തുടങ്ങിയ കുട്ടികളും ഈ വനിതാ ജംക്ഷൻ സന്ദർശിക്കാനെത്തിയിരുന്നു. വീട്ടിൽ തയ്യാറാക്കിയ ജാർ കേക്കും കപ്പ് കേക്കും ഉൾപ്പെടെയുള്ള പലഹാരങ്ങളുമായി എത്തിയ ടി.
ശബ്നയും തന്റെ സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു. പഴയകാല ആഴ്ചച്ചന്തകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ എത്തിയ ഈ വേദിയിൽ 82 വയസ്സുള്ള ശാരദയും സന്തോഷത്തോടെ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

