ആന്ധ്രാപ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് തീർത്ത ദുരന്തങ്ങളുടെ ആഘാതം ഒഴിഞ്ഞുമാറും മുൻപ്, ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ചുഴലിക്കാറ്റുകൂടി രൂപംകൊണ്ടിരിക്കുന്നു. മുറസു ചുഴലിക്കാറ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാതം തെക്കൻ ആന്ധ്രാതീരത്ത് തീവ്ര ചുഴലിക്കാറ്റായി കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലും തിരുവള്ളൂർ ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായി ഈ രണ്ട് ജില്ലകളിലും അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നാല് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ സുരക്ഷിതരായി തിരിച്ചെത്തണമെന്നും ജനങ്ങൾ ബീച്ചുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗത കൈവരിക്കാൻ സാധ്യമായ ശക്തമായ കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപംകൊണ്ടത്.
നവംബർ 2-ന് പുലർച്ചെയോടെ ഇത് കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
റായലസീമ, തെലങ്കാന മേഖലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ടെന്നും ദുരന്തനിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) 6 ടീമുകളെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെ (SDRF) 7 ടീമുകളെയും വിവിധ മേഖലകളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അടിയന്തര സഹായങ്ങൾക്കായി 112 അല്ലെങ്കിൽ 1070 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. അതേസമയം, ഒഡീഷയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഉരുൾപൊട്ടൽ ഭീഷണിയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
മുൻപ് ഉണ്ടായ അർണാബ് ചുഴലിക്കാറ്റ് സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൽ ഒഡീഷയിൽ മാത്രം ഒരു ലക്ഷത്തിലധികം ആളുകൾക്ക് ദുരിതം നേരിടേണ്ടി വന്നിരുന്നു. ഈ ദുരന്തത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്നതിനിടയിലാണ് അടുത്ത ചുഴലിക്കാറ്റ് ഭീഷണി എത്തിയിരിക്കുന്നത്.
ദക്ഷിണ ഒഡീഷയിൽ നവംബർ 4 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

