കായംകുളം-പുനലൂർ റോഡിൽ ചാരുംമൂട് ജംഗ്ഷന് കിഴക്കുവശത്തായി എമർജൻസി വാഹനങ്ങളുടെ സൈറണും അമിത ശബ്ദവും പ്രത്യേക വെളിച്ചവും ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ വാഹനം നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ച് വാഹനം ഓടിച്ച ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഈ വാഹനത്തിന് 24,600 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയായിരുന്നു ഈ നിയമലംഘനം നടന്നത്.
കാറിന്റെ പുറംഭാഗത്തും പ്ലാറ്റ്ഫോമിലുമുൾപ്പെടെ എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച് മറ്റുള്ളവരുടെ കാഴ്ച മങ്ങുന്ന രീതിയിൽ പ്രകാശം പരത്തിയും സൈലൻസർ ഇരപ്പിച്ചുമായിരുന്നു യുവാക്കളുടെ നേതൃത്വത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയത്. രാത്രികാല പട്രോളിംഗിന്റെ ഭാഗമായി നൂറനാട് പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഈ വാഹനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പോലീസ് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്നവർ അമിത മദ്യലഹരിയിലാണെന്ന് വ്യക്തമായി. ഇതിനെത്തുടർന്ന് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത പോലീസ്, വാഹനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒയ്ക്ക് കൈമാറുകയായിരുന്നു.
ജോയിന്റ് ആർ.ടി.ഒയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെമീറും സംഘവും നൂറനാട് പോലീസ് സ്റ്റേഷനിലെത്തി വാഹനം വിശദമായി പരിശോധിച്ചു. ഈ പരിശോധനയിൽ വാഹനത്തിൽ ഗുരുതരമായ ഒട്ടനവധി നിയമലംഘനങ്ങൾ കണ്ടെത്തി.
താക്കോലിന് പകരം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന സംവിധാനം, എമർജൻസി വാഹനങ്ങളിൽ മാത്രം ഉപയോഗിക്കുന്ന സൈറൺ, വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റിയുള്ള കളർ ചെയ്ഞ്ചിങ് സംവിധാനം, പ്ലാറ്റ്ഫോമിലെ എൽ.ഇ.ഡി ലൈറ്റുകൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ, പുറത്തേക്ക് തള്ളിനിൽക്കുന്ന അലോയ് വീലുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്ന് വാങ്ങിയ ഈ വാഹനം ഉടമസ്ഥാവകാശം മാറ്റാതെയാണ് ഇവർ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയത്.
റോഡുകളിൽ അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയും അമിത ശബ്ദവും വെളിച്ചവും ഉപയോഗിച്ച് നടത്തുന്ന ഇത്തരം അഭ്യാസപ്രകടനങ്ങൾക്കെതിരെ വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

