കൊച്ചിയിലെ ചേരാനല്ലൂരിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പൊലീസിനെ സമീപിച്ചത്. അപകടസ്ഥലത്ത് ജഡ്ജി ഏകദേശം 20 മിനിറ്റോളം ചെലവഴിച്ചുവെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ, അന്വേഷണത്തിന്റെ വഴിതിരിച്ചുവിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായതായും പരാതിയിൽ ആരോപിക്കുന്നു. പ്രതിയായ അഡീഷണൽ ജഡ്ജി സംഭവസ്ഥലത്ത് സാന്നിധ്യം അറിയിച്ചതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തത് എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അന്വേഷണം.
കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതിനകം രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, അന്വേഷണസംഘം കുട്ടിയുമായി രണ്ടുതവണ അഭിമുഖവും നടത്തിയിട്ടുണ്ട്.
നിലവിൽ സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ശേഖരിച്ച് അവ വിലയിരുത്തുന്ന തിരക്കിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ യാതൊരു വീഴ്ചയും കൂടാതെ കുറ്റമറ്റ രീതിയിൽ കേസ് ഡയറി കോടതിയിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ ഡിജിറ്റൽ ഡേറ്റകളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചുവരികയാണ്. ഈ പരിശോധനകളിൽ നിന്നും ലഭിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും പതിനേഴുകാരനുമായി വീണ്ടും അഭിമുഖം നടത്താനുമുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച് സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

