അമരാവതിയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ അതിക്രമിച്ചുകയറി ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിക്ക് പൊലീസിന്റെ വെടിവെപ്പിൽ പരുക്കേറ്റു. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ച വേളയിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയായ ഹേമന്ത് (21) നേരെ പൊലീസ് വെടിയുതിർത്തത്.
പ്രതിയെ ലക്ഷ്യമാക്കി ആറു തവണയാണ് പൊലീസ് വെടിവെച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ ചികിത്സ ലഭ്യമാക്കിവരികയും ചെയ്യുന്നുണ്ട്.
പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണം നടത്തിയ ഹേമന്ത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നുള്ള വിരോധമാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഈ ആക്രമണത്തിൽ മറ്റൊരു വിദ്യാർഥിനിക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പരുക്കേറ്റ ഈ വിദ്യാർഥിനി നിലവിൽ ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന ശക്തമായ ആവശ്യവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. യുവതിക്ക് പ്രതിയോട് പ്രണയമുണ്ടായിരുന്നു എന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുക്കൾ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു.
മുൻകാലങ്ങളിൽ യാതൊരുവിധ ഭീഷണികളും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരുന്നതിനാൽ ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് കരുതിയിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തുമായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. സ്കൂൾ വളപ്പിലേക്ക് പെട്ടെന്നെത്തിയാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്.
നിലവിൽ പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു. അധ്യാപിക ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ക്ലാസ് മുറിയിലേക്ക് പ്രതിയുടെ കടന്നുകയറ്റവും ആക്രമണവും ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

