അന്താരാഷ്ട്ര തലത്തിലുള്ള സുപ്രധാന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കുവൈത്തിൽ ജനിച്ചുവളർന്ന് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനം പൂർത്തിയാക്കിയ ബിബിൻ സാം തോമസ് ആണ് നോർവീജിയൻ വിദേശകാര്യ സർവീസിന്റെ ദൗത്യസംഘത്തിൽ ഇന്ത്യ-ഭൂട്ടാൻ-ശ്രീലങ്ക-മാൽദ്വീപ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട
പൊളിറ്റിക്കൽ അഡ്വൈസറായി നിയമിതനായത്. കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് കരിയറിലെ ഈ വലിയ നേട്ടം തേടിയെത്തിയത്.
വയനാട് സ്വദേശിയായ ബാബുജി ബത്തേരിയുടെയും ബീനാ പോളിന്റെയും മകനാണ് ബിബിൻ. അഡ്വ.
ബിനിത മരിയ തോമസ്, എൻജിനീയർ ബിജില അന്ന തോമസ് എന്നിവരാണ് സഹോദരിമാർ. പ്രവാസലോകത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ആരംഭിച്ച്, ഉന്നതപഠനവും പാർലമെന്ററി ഫെല്ലോഷിപ്പും പിന്നിട്ട് കേന്ദ്രമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ഈ ഉയരങ്ങളിലെത്തിയത്.
വിദ്യാഭ്യാസ പശ്ചാത്തലം കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം. തുടർന്ന് എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.
ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് 2020–2022 കാലയളവിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പാർലമെന്ററി രംഗത്തുനിന്ന് അന്താരാഷ്ട്ര ദൗത്യത്തിലേക്ക് 2023-ൽ പ്രശസ്തമായ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെമ്പേഴ്സ് ഓഫ് പാർലമെന്റ്’ ഫെല്ലോഷിപ്പിന് ബിബിൻ അർഹനായി.
ഈ കാലയളവിൽ അന്നത്തെ പ്രതിപക്ഷ എംപിയായിരുന്ന ജയന്ത് സിങ് ചൗധരിയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റായി അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിനും തൃണമൂൽ കോൺഗ്രസ് എംപിമാർക്കും നയപരമായ ഉപദേശങ്ങളും തിരഞ്ഞെടുപ്പ് തന്ത്രപരമായ പിന്തുണയും നൽകി.
പിന്നീട് എൻ.ഡി.എ. സർക്കാരിൽ നൈപുണ്യ വികസന–വിദ്യാഭ്യാസ മേഖലകളുടെ ചുമതലയേറ്റ കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്സണൽ സെക്രട്ടറിയായി ചുമതലയേറ്റു.
ദേശീയ രാഷ്ട്രീയത്തിലെ ഈ അനുഭവസമ്പത്താണ് ഇപ്പോൾ നോർവീജിയൻ വിദേശകാര്യ സർവീസിലേക്കുള്ള വഴിതുറന്നത്. കുട്ടിക്കാലം മുതൽ കുവൈത്തിലെ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബിബിൻ, ‘കുവൈത്ത് തനിമ’യുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിലും മോഡൽ യുണൈറ്റഡ് നേഷൻസ് (MUN) പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.
ഈ അനുഭവങ്ങൾ തന്റെ വ്യക്തിത്വവികസനത്തിലും നേതൃപാടവം വളർത്തുന്നതിലും നിർണായക പങ്കുവഹിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. ബിബിന്റെ ഈ നേട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ പൂർവ വിദ്യാർത്ഥിക്ക് ആശംസകൾ നേർന്നു.
കുവൈത്തിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ നേട്ടം പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

