മാന്യമായ വേതനം ആവശ്യപ്പെട്ട് ബംഗ്ലദേശിലെ വസ്ത്ര നിർമാണ മേഖലയിലുള്ള തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിൽ. പ്രതിഷേധം ശക്തമായതോടെ നിരവധി ഫാക്ടറികൾ അടച്ചിടാൻ നിർബന്ധിതരായി.
പ്രധാന പാതകളിലെല്ലാം ഗതാഗതം സ്തംഭിക്കുകയും, പലയിടങ്ങളിലും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ശമ്പള വർധനവ് പരിശോധിക്കുന്നതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കാൻ ബംഗ്ലദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിമാസ ശരാശരി ശമ്പളം 12,500 ടാക്കയാണ് (ഏകദേശം 9,500 രൂപ). എന്നാൽ ഇത് 30,000 ടാക്കയായി (ഏകദേശം 23,000 രൂപ) ഉയർത്തണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
അതായത് ശമ്പളത്തിൽ ഏകദേശം 140 ശതമാനത്തിന്റെ വർധനവാണ് ഇവർ ആവശ്യപ്പെടുന്നത്. അതിരൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ഈ കുറഞ്ഞ വേതനത്തിൽ ജീവിക്കാൻ സാധിക്കില്ലെന്നും സമരക്കാർ വ്യക്തമാക്കുന്നു.
മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, തൊഴിലിടങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കുക, ഉടമകളുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിച്ചിട്ടുണ്ട്. സമരം നീണ്ടുപോയത് അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള വസ്ത്രങ്ങളുടെ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചു.
പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന് കണ്ട് സർക്കാർ വേഗത്തിൽ ഇടപെടുകയായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തൊഴിൽ മന്ത്രി ആരിഫുൽ ഹഖ് ചൗധരി അറിയിക്കുകയും, സമരം അവസാനിപ്പിച്ച് തൊഴിലാളികളോട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ വേജ് ബോർഡ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തുടർച്ചയായ ഫാക്ടറി അടച്ചുപൂട്ടലുകൾ കയറ്റുമതി വൈകിപ്പിക്കുമെന്നും, ഇത് രാജ്യത്തിനും തൊഴിലാളികൾക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബംഗ്ലദേശിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് വസ്ത്ര നിർമാണ മേഖല. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ രംഗത്ത് ഏകദേശം 40 ലക്ഷം പേരാണ് പണിയെടുക്കുന്നത്.
രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വസ്ത്ര കയറ്റുമതിയിലൂടെ മാത്രം 3,870 കോടി ഡോളറാണ് (ഏകദേശം 3.6 ലക്ഷം കോടി രൂപ) രാജ്യം നേടിയത്.
അതേസമയം, 15,000 കോടി ഡോളർ മൂല്യമുള്ള ബംഗ്ലദേശിന്റെ സാമ്പത്തിക മേഖലയെ ഊർജ പ്രതിസന്ധിയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉക്രെയ്ൻ, ഇറാൻ യുദ്ധങ്ങൾ ഈ പ്രതിസന്ധിയുടെ ആഘാതം വർധിപ്പിച്ചു.
ഉക്രെയ്ൻ സംഘർഷത്തിന് ശേഷം വാണിജ്യ പാചക വാതക വില 150 ശതമാനവും ഡീസൽ വില 70 ശതമാനവും വർധിച്ചു. ഇറാൻ യുദ്ധത്തിന് പിന്നാലെ പ്രകൃതി വാതകത്തിന്റെ വില മൂന്നിരട്ടിയായി വർധിച്ചതായും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

