തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരിക്ക് വ്യാജ വിൽപ്പനയിലൂടെ വൻതുക നഷ്ടമായെന്ന് പരാതി. ഏകദേശം 1,000 രൂപ വിലയുള്ളതാണെന്ന് പറഞ്ഞ് വിൽക്കാൻ ശ്രമിച്ച ഔഷധ ഉൽപ്പന്നത്തിന് ക്രെഡിറ്റ് കാർഡിൽ നിന്ന് 75,000 രൂപയിലധികം ഈടാക്കിയെന്നാണ് ആരോപണം.
സംഭവത്തിൽ 28-കാരനായ ഇന്ത്യൻ യുവാവ് പട്ടായ പോലീസിൽ പരാതി നൽകി. ഒക്ടോബർ 28-ന് രാത്രി 11.30 ഓടെയാണ് സംഭവം.
പട്ടായയിലെ സെക്കൻഡ് റോഡിലുള്ള ഒരു ഹെർബൽ കടയ്ക്ക് സമീപത്ത് കൂടി നടന്നുപോകുകയായിരുന്ന യുവാവിനെ വിദേശിയായ ഒരാൾ സമീപിച്ച് ഉൽപ്പന്നം പരിചയപ്പെടുത്തുകയായിരുന്നു. മുടി വളരുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഔഷധ ഉൽപ്പന്നത്തിന് 380 തായ് ബാത്ത് (ഏകദേശം 1,000 രൂപ) മാത്രമാണ് വിലയെന്ന് ഇയാൾ പറഞ്ഞതായാണ് യുവാവിന്റെ മൊഴി.
ഒടുവിൽ വാങ്ങാൻ സമ്മതിച്ചതിന് പിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടപ്പിച്ചു. എന്നാൽ, പിന്നീട് ഇടപാട് പരിശോധിച്ചപ്പോഴാണ് 27,600 ബാത്തിലധികം (ഏകദേശം 75,000 രൂപ) അക്കൗണ്ടിൽനിന്ന് ഈടാക്കിയതായി മനസ്സിലായത്.
ഇതോടെ യുവാവ് പട്ടായ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ വിൽപ്പനക്കാരുമായി ബന്ധമുള്ള ഒരാൾ യുവാവിനെ സമീപിച്ച് പണം തിരികെ നൽകാമെന്നും പകരം ഉൽപ്പന്നം തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടതായും ചില റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ, ഔഷധം തിരികെ നൽകി പണം കൈപ്പറ്റിയോയെന്നത് വ്യക്തമല്ല. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അത്ഭുത ഔഷധങ്ങളെന്ന പേരിൽ അമിതവിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് പട്ടായയിൽ നേരത്തെയും പരാതികളുണ്ടായിട്ടുണ്ട്.
സംഭവത്തിൽ പട്ടായ പോലീസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

