ദില്ലിയിൽ കോൺഗ്രസിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്ത്. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു.
ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിമാചൽ പ്രദേശിലും കർണാടകയിലും കേരളത്തിലും വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലെന്നും പറയും.
ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാംലീല റാലിക്കെതിരെയും ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു.
രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി നേതാവ് ജെ പി നദ്ദ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവകാലത്ത് ദില്ലിയെ സ്തംഭിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വ്യാപാരികളുടെ ഉപജീവനത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയില്ല.
ഉത്സവകാലത്ത് വൻ ജനക്കൂട്ടത്തെ ദില്ലിയിലെത്തിച്ച് വ്യാപാരം തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാപാരികൾ നേതാക്കൾക്ക് കത്തയച്ചിട്ടും അത് കേൾക്കാതെ കോൺഗ്രസ് മുന്നോട്ട് പോവുകയായിരുന്നു.
കോൺഗ്രസിന്റെ നടപടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും പങ്കുണ്ടോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും വെറുക്കുകയാണോയെന്ന് ചോദിച്ച അദ്ദേഹം, രാജ്യത്തിന്റെ വികസനമല്ല, നാശം വ്യാപിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
കോൺഗ്രസിന്റെ ‘അരാജകത്വ ടൂൾകിറ്റ്’ പുറത്തായിരിക്കുകയാണ്. കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണ് ഇന്ത്യയെ നയിക്കുന്നത്.
രാംലീല റാലി കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ജെ പി നദ്ദ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

