വോട്ടുകൊള്ളയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി ഡൽഹിയിലെ രാംലീലാ മൈതാനിയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാറാലി അരങ്ങേറി.
വോട്ടുകൊള്ളയ്ക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പങ്കാളികളായ മുഴുവൻ പേർക്കും ആർജെഡി നേതാവ് തേജസ്വി യാദവ് നന്ദി അറിയിച്ചു. മഹാഭാരതത്തിൽ ശകുനി കളിച്ച ചതിയുടെ കളിയെക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലെ കളിപ്പാവ മാത്രമാണ് ഗ്യാനേഷ് കുമാർ.
അദ്ദേഹത്തെ കേന്ദ്ര സർക്കാർ ബോധപൂർവ്വം സംരക്ഷിക്കുകയാണ്. ഈ സമരം രാജ്യത്തെ വോട്ടർമാരും ഭരണാധികാരികളിൽ നിന്ന് വഞ്ചിക്കപ്പെട്ടവരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് ജനാധിപത്യം നാമാവശേഷമായിരിക്കുകയാണ്. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ ദയനീയമായി പരാജയപ്പെടുത്തണമെന്നും ഡൽഹിയിൽ നടന്ന ചലോ ദില്ലി മഹാറാലിയിൽ സംസാരിക്കവെ തേജസ്വി യാദവ് ആഹ്വാനം ചെയ്തു.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവെച്ചു പുറത്തുപോകുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാറിനെ തങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും.
തുടർന്ന് നരേന്ദ്ര മോദിയെയും നേരിടും; അദ്ദേഹം എവിടെ ഒളിച്ചിരുന്നാലും പിടികൂടി തുരത്തുമെന്നും ഖർഗെ വ്യക്തമാക്കി. ഏത് പ്രതിസന്ധിയെയും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

