പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല പള്ളിയിലും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ പൊലീസ്.
ഇന്നും നാളെയുമായി നടക്കുന്ന ചടങ്ങുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും വൻതോതിൽ തീർഥാടകരും സന്ദർശകരും എത്തും. ഇതിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനം, ഗതാഗത നിയന്ത്രണം, തിരക്ക് ഒഴിവാക്കൽ എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്ര മുന്നൊരുക്കങ്ങളാണ് അധികൃതർ പൂർത്തിയാക്കിയിട്ടുള്ളത്.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്ന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർക്കായുള്ള അവലോകന യോഗവും സുരക്ഷാ മാർഗനിർദേശങ്ങളും നൽകിയത്. പത്തനംതിട്ട
ജില്ലയിൽനിന്ന് മാത്രം 500-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. പള്ളിയും സമീപ പ്രദേശങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനായി 11 സെക്ടറുകളായി തിരിച്ചു.
ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരം മമ്മൂട്ടി പങ്കെടുക്കുന്നതിനാൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട
നിയന്ത്രണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരുമല പാലം മുതൽ പള്ളി പ്രവേശന കവാടം വരെയുള്ള പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് തടയാൻ പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കും.
ഘോഷയാത്രയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും കർശന നിയന്ത്രണങ്ങളോടെ പള്ളിയങ്കണത്തിലേക്ക് പ്രവേശനം അനുവദിക്കുക. റോഡരികിലെ അനധികൃത കച്ചവടങ്ങളും ഗതാഗതത്തിന് തടസ്സമാകുന്ന മറ്റ് പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്.
മന്നാർ, പരുമല, ചെങ്ങന്നൂർ മേഖലകളിലെ റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരുമല പെരുന്നാൾ: തിങ്കളാഴ്ച തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി പരുമല പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ രണ്ട് (തിങ്കൾ) തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

