കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും പുതിയ സർജിക്കൽ ബ്ലോക്കിന് നിയമപരമായ കെട്ടിടരേഖകളില്ലെന്ന ഗുരുതര ആക്ഷേപം ഉയരുന്നു. പഞ്ചായത്തിൽ ഔദ്യോഗിക അപേക്ഷ പോലും സമർപ്പിക്കാതെയാണ് 259 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഈ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ആശുപതി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ആർപ്പൂക്കര പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല. തദ്ദേശ സ്ഥാപനത്തിൽ നിന്നും കെട്ടിട
നമ്പറും ഇതുവരെ ലഭ്യമായിട്ടില്ല. നിർമാണാനന്തര നടപടികൾ ഒന്നുംതന്നെ പാലിക്കാതെയാണ് കെട്ടിടത്തിന്റെ പ്രവർത്തനം തുടരുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
നിർമാണ ഏജൻസിയായ ഹൈറ്റ്സ് ആണ് ഒക്കുപെൻസി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് കെട്ടിടം കൈമാറാനുള്ള നീക്കങ്ങൾ ഹൈറ്റ്സ് നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം, 2005ലെ പഞ്ചായത്ത് രാജ് നിയമങ്ങൾ എന്നിവ അനുസരിച്ച് നിർമാണം പൂർത്തിയാകുമ്പോൾ കംപ്ലീഷൻ സർട്ടിഫിക്കറ്റും പ്ലാനും പഞ്ചായത്തിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
ഇവ സമഗ്രമായി പരിശോധിച്ച് നിയമവിധേയമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഒക്കുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. കെട്ടിടത്തിന്റെ നിർമാണം പൂർണമാകുന്നതിന് മുൻപ് ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ പോലും, ഭാഗിക കംപ്ലീഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സമർപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയിരിക്കണം.
2025 ജൂലൈ 3 മുതൽ തന്നെ കെട്ടിടം ഭാഗികമായി ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. എങ്കിലും, നിർമാണത്തിന് തൊട്ടുമുമ്പ് സമർപ്പിച്ച പ്രാരംഭ പ്ലാൻ മാത്രമാണ് നിലവിൽ പഞ്ചായത്തിന്റെ കൈവശമുള്ളത്.
നിർമാണം പൂർത്തിയായ ശേഷമുള്ള പുതുക്കിയ പ്ലാനോ മറ്റ് പൂർത്തീകരണ രേഖകളോ ഇതുവരെയും സമർപ്പിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വലിയൊരു മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ യാതൊരുവിധ നിയമാനുസൃത അനുമതികളുമില്ലാതെ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.
നിർമാണത്തിലെ പാളിച്ചകളും നിയമപരമായ വീഴ്ചകളും അടിയന്തരമായി പരിശോധിച്ച് പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ, സർജിക്കൽ ബ്ലോക്കിലെ എല്ലാ പോരായ്മകളും പൂർണമായി പരിഹരിച്ച് കെട്ടിടം കൈമാറുകയെന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് കിഫ്ബി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഭിപ്രായപ്പെട്ടു.
കൂടാതെ, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സംയുക്ത പരിശോധനകൾ കേവലം പ്രഹസനമാണെന്നും വിമർശനങ്ങൾ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

