മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിഷേധം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്നും കെഎസ്യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ സാധിച്ചിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആക്രമണം നടന്നു എന്നതിന് അടിസ്ഥാനമായ കേസ് ഗൺമാൻ മൊഴി മാറ്റിയതിനെ തുടർന്ന് നിലനിൽക്കില്ല. കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായത്.
അക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങൾ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്ന് എസ്ഐടി തലവൻ യു. പ്രേമൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടയിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ, ആയുധമുപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി.
വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു എസ്ഐടിക്ക് നൽകിയ പുതിയ മൊഴി. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അന്ന് തെറ്റായ മൊഴി നൽകിയതെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയത് കേസിൽ വഴിത്തിരിവായി.
അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ മർദ്ദിച്ചതാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായത്.
രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നിൽ ഉന്തും തള്ളും ബഹളവുമാണ് അനുഭവപ്പെട്ടത്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി. പ്രതിഷേധത്തിനിടയിൽ അറസ്റ്റിലായ അഞ്ച് കെഎസ്യുക്കാരെ ടൗൺ പൊലീസ് റെയിൽവേ പൊലീസിന് കൈമാറുകയും രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി പരാമർശമില്ല.
സുരക്ഷയൊരുക്കാൻ എത്തിയ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമത്തിൻ്റെ തെളിവുകൾ ലഭ്യമല്ല.
അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും മൊഴി നൽകാൻ വൈകിയ മന്ത്രി, കേസ് രണ്ട് മാസം പൂർത്തിയായ വേളയിലാണ് ഒടുവിൽ മൊഴി നൽകാൻ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

