കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായ സംഭവത്തിൽ നിർണ്ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മുൻമന്ത്രി വീണാ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നും മന്ത്രിയുടെ അടുത്തെത്തുവാൻ പോലും അവർക്ക് സാധിച്ചിരുന്നില്ലെന്നും ഡിജിപിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ മുൻമന്ത്രിയും ഗൺമാനും ചേർന്ന് പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളലിനിടയിൽപ്പെട്ടതിനെ തുടർന്നാണ് വീണാ ജോർജ്ജിന് കഴുത്തുവേദന അനുഭവപ്പെട്ടത്.
മന്ത്രിക്ക് ബാഹ്യമായ പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ലെന്ന് ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ഇതിനുപുറമെ, കേസിൽ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്ഐ ദീപ്തി നൽകിയ മൊഴിയിൽ വന്ന മാറ്റങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് താൻ മൊഴി നൽകിയിട്ടില്ലെന്നാണ് എസ്ഐ ദീപ്തി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തന്റെ പേരിൽ മറ്റുള്ളവർ കള്ളമൊഴി എഴുതിച്ചേർക്കുകയായിരുന്നുവെന്നും അന്നത്തെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതിരോധത്തിലാകുന്ന മറ്റൊരു മൊഴിയും പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് താൻ മൊഴി നൽകിയത് വീണാ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
കെഎസ്യു പ്രവർത്തകർ മുൻമന്ത്രിയെ നേരിട്ട് ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. ഈ നിർണ്ണായക മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സമഗ്രമായ എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് വീണാ ജോർജ്ജിനെതിരെ പ്രതിഷേധം അരങ്ങേറിയത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു എഫ്ഐആറിലെ ആരോപണം.
എന്നാൽ സംഭവസ്ഥലത്തുനിന്ന് യാതൊരുവിധ ആയുധങ്ങളും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയുടെ ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
സംഭവത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ട് ആഴ്ചക്കാലം റിമാൻഡിൽ കഴിയേണ്ടി വന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

