തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയ്ക്ക് സമീപം വട്ടക്കുളത്ത് കൗതുകമുണർത്തുന്ന മോഷണവിവരം പുറത്തുവന്നു. മോഷ്ടിച്ചുകൊണ്ടുപോയ അലുമിനിയം ഏണി തിരികെ കൊണ്ടുവന്നതിനൊപ്പം മാപ്പപേക്ഷക്കത്തും വച്ചാണ് മോഷ്ടാക്കൾ മടങ്ങിയത്.
വട്ടക്കുളം എം.കെ. പവർ ടൂൾസ് എന്ന സ്ഥാപനത്തിൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 27-നാണ് പുതിയ അലുമിനിയം ഏണി നഷ്ടപ്പെട്ടത്.
വ്യാഴാഴ്ചയാണ് ഏണി കാണാനില്ലെന്ന വിവരം കടയുടമ അൻവറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം വ്യക്തമായത്.
അന്ന് ഉച്ചയ്ക്ക് അൻവറും ഭാര്യ ജസീനയും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ തക്കം നോക്കി, ബൈക്കിലെത്തിയ മൂന്നംഗ സംഘം കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന ഏണിയുമായി കടന്നുകളയുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവത്തിൽ ഉടൻ തന്നെ അൻവർ അരുവിക്കര പോലീസിൽ പരാതിയും നൽകി.
ഇതിനിടെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അരുവിക്കരയിലെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ദൃശ്യങ്ങൾ വൈറലാകുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തതോടെ ഭയന്ന മോഷ്ടാക്കൾ ഇന്നലെ ആരും കാണാത്ത സമയത്ത് ഏണിയും അതിനൊപ്പം മാപ്പപേക്ഷക്കത്തും കടയ്ക്ക് മുന്നിൽ തിരികെവെച്ച് രക്ഷപ്പെടുകയായിരുന്നു.
“അണ്ണാ സോറി… പറ്റിപ്പോയി… ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്, ആത്മഹത്യയുടെ വക്കിലാണ്. വൈറലാക്കരുത് ” എന്നൊക്കെയായിരുന്നു കത്തിലെ വാക്കുകൾ.
നമ്പർ മറച്ചുവെച്ച നിലയിലുള്ള ബൈക്കിൽ ഹെൽമെറ്റ് ധരിച്ചാണ് ഇവർ എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച ഏണി തിരികെ നൽകി മാപ്പപേക്ഷ എഴുതിവെച്ചെങ്കിലും ഈ സംഭവത്തിൽ കർശന നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

