വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ തനിക്കും കുടുംബാംഗങ്ങൾക്കുമായി വൻതോതിൽ സ്വത്തുക്കൾ സമ്പാദിച്ചെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിഖർ അഗർവാളിനെതിരെ അന്വേഷണം കർശനമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സർക്കാർ ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്.
ജയ്പുർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്. രാജസ്ഥാൻ സർക്കാരിന് കീഴിലെ വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ ചില പ്രമുഖ കമ്പനികൾക്ക് അനുകൂലമായ ഇളവുകൾ അനുവദിക്കുകയും റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട
വ്യവസ്ഥകളിൽ ഇളവ് വരുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ നടപടികൾ വഴി സംസ്ഥാന സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക പരിശോധനയിലെ വിലയിരുത്തൽ.
ഉദയ്പുർ ജില്ലാ കലക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയ നിർണായക പദവികൾ മുമ്പ് ശിഖർ അഗർവാൾ വഹിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ അഗർവാളും ഭാര്യയും കുടുംബാംഗങ്ങളും ചേർന്ന് നിരവധി വില്ലകളാണ് അനധികൃതമായി സ്വന്തമാക്കിയത്.
2026 മാർച്ചിൽ ഉദയ്പൂരിലെ ബുജ്ദയിൽ മാത്രം 20 വില്ലകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ 10 എണ്ണം അഗർവാളിന്റെ പേരിലും ബാക്കി 10 എണ്ണം ഭാര്യ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഓരോ വില്ലയ്ക്കും 15 ലക്ഷം രൂപ മാത്രമാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ഈ കുറഞ്ഞ വില കണക്കാക്കിയാൽ പോലും മൂന്ന് കോടി രൂപയുടെ സ്വത്താണ് ദമ്പതികൾ ഒറ്റയടിക്ക് സ്വന്തമാക്കിയത്.
ഇതുകൂടാതെ അൽവാർ മേഖലയിലും എട്ട് വില്ലകൾ വാങ്ങിയിട്ടുണ്ട്. ഇവിടെയും നാല് വീതം വില്ലകൾ ഇരുവരുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനുപുറമേ, രണ്ട് ആൺമക്കളുടെ പേരിലും അഗർവാളിന്റെ ഭാര്യാമാതാവ്, ഭാര്യാപിതാവ് എന്നിവരുടെ പേരിലുമായി നാല് വില്ലകൾ കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഈ വില്ലകൾ ഓരോന്നിനും 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ് വില കാണിച്ചിട്ടുള്ളത്.
ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ശിഖർ അഗർവാളിന്റെ പേരുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി ആകെ 36 വില്ലകളാണ് കണ്ടെത്തിയിട്ടുള്ളത്. ഔദ്യോഗിക രേഖകളിൽ കാണിച്ചിരിക്കുന്ന കുറഞ്ഞ മൂല്യം വെച്ചു നോക്കിയാൽ പോലും 5.52 കോടി രൂപയുടെ ആസ്തിയാണ് ഇവർ ഇത്തരത്തിൽ സമ്പാദിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

