വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമഗ്ര ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ രംഗത്ത്.
വിഷയത്തിൽ പ്രതികരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്നും ഉയർന്നു വന്ന എല്ലാ ആരോപണങ്ങളും സഭയിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. തെരുവിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കാതെ രാഹുൽ ഗാന്ധി ചർച്ചാ മേശയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ പൊതു കുറ്റവിചാരണ ഇന്ന് നടക്കും. നേരത്തെ നിശ്ചയിച്ചിരുന്ന സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരിക്കും പരിപാടി എന്നായിരുന്നു ജയറാം രമേശ് അറിയിച്ചിരുന്നതെങ്കിലും, പിന്നീട് മൂന്നരയ്ക്കാണ് പരിപാടി ആരംഭിക്കുകയെന്ന് എഐസിസി വ്യക്തമാക്കി. മോശം കാലാവസ്ഥയും മഴയും കാരണമാണ് ഇന്നലെ നടത്തേണ്ടിയിരുന്ന പരിപാടി ഇന്നത്തേക്ക് മാറ്റിവെച്ചതെന്നാണ് മുന്നണിയുടെ ഔദ്യോഗിക വിശദീകരണം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിയിലാണ് പരസ്യ വിചാരണ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറുടെ ചുമതല വഹിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖർഗെ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. ചടങ്ങിൽ വിവിധ എം.പിമാരും ‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കളും സംസാരിക്കും.
വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട സാധാരണക്കാർ തങ്ങളുടെ ദുരിതാനുഭവങ്ങൾ യോഗത്തിൽ പങ്കുവെക്കും.
വിവിധ പൗരാവകാശ സംഘടനകളുടെ നേതാക്കളും ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിക്കും. പരിപാടിയുടെ ഒടുവിൽ രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തു.
തുടർന്ന്, ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി പ്രസ്താവം പ്രതീകാത്മക സ്പീക്കർ മീരാ കുമാർ പുറപ്പെടുവിക്കും. അതേസമയം, പ്രതിപക്ഷ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി.
കാലാവസ്ഥാ വ്യതിയാനമല്ല, മറിച്ച് മുന്നണിക്കുള്ളിലെ ആഭ്യന്തര ഐക്യമില്ലായ്മയാണ് പരിപാടി മാറ്റിവെക്കാൻ കാരണമെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു. പരിപാടിയിൽ പങ്കെടുക്കുമെന്ന് കരുതിയിരുന്ന പല പ്രമുഖ നേതാക്കളും ഇതിൽ നിന്നും പിന്മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിനെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം നടപടികളോട് മുന്നണിയിലെ പല ഘടകകക്ഷികളും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ‘മോക്ക് പാർലമെന്റ്’ എന്ന പേര് പിന്നീട് ‘ജനകീയ കുറ്റവിചാരണ’ എന്ന് മാറ്റിയതിന് പിന്നിൽ ഈ സമ്മർദ്ദമാണെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു. രാംലീല മൈതാനത്ത് നവംബർ ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന മഹാറാലിയിൽ പങ്കെടുക്കുന്നവരെ സർക്കാർ സംവിധാനങ്ങൾ തടയുന്നുവെന്ന കോൺഗ്രസിന്റെ ആരോപണവും ബി.ജെ.പി പൂർണ്ണമായും തള്ളി.
ഒരിടത്തും ആരെയും തടയുന്നില്ലെന്നും, അത്തരത്തിൽ തടയുന്നുണ്ടെങ്കിൽ അതിന്റെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. റാലിയിലേക്ക് ആളുകളെ കിട്ടാത്തതിന്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നും സംബിത് പത്ര ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

